ചെന്നൈ: രാഷ്‌ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഈ മാസം 31 ന് നടത്തുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ തമിഴ് രാഷ്‌ട്രീയം മാറ്റിമറിക്കുമെന്ന പ്രഖ്യാപനവുമായി നടൻ രജനീകാന്ത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണം പിടിക്കുമെന്ന് പറഞ്ഞ രജനീകാന്ത് സംസ്ഥാനത്ത് അത്ഭുതങ്ങള്‍ സംഭവിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. സുതാര്യവും അഴിമതി രഹിതവുമായി ഭരണം നടത്തും. തമിഴ്‌നാട്ടില്‍ ആത്മീയ രാഷ്‌ട്രീയം വിജയം കാണുമെന്നും രജനീകാന്ത് പറഞ്ഞു.
ഈ മാസം 31 ന് തന്‍റെ രാഷ്‌ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്തുമെന്ന് നടൻ രാവിലെ ട്വീറ്റ് ചെയ്‌തിരുന്നു. പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് നടൻ സംസ്ഥാനത്ത് ഭരണത്തിലെത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. രജനീകാന്തിന്‍റെ ട്വീറ്റിന് പിന്നാലെ ആരാധകര്‍ വൻ ആഘോഷത്തിലാണ്. രജനിയുടെ വീടിന് മുന്നിലും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലും പടക്കം പൊട്ടിച്ചും നൃത്തം ചെയ്‌തുമാണ് ആരാധകര്‍ താരത്തിന്‍റെ പ്രഖ്യാപനത്തെ സ്വീകരിച്ചത്. കഴിഞ്ഞ ദിവസം രജനി മക്കള്‍ മന്‍ട്രം ജില്ലാ അധ്യക്ഷൻമാരുമായി താരം ചര്‍ച്ച നടത്തിയിരുന്നു. ആരാധകര്‍ എല്ലാ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ടെന്നും തീരുമാനം ഉടനെയുണ്ടാകുമെന്നുമായിരുന്നു യോഗത്തിന് ശേഷം രജനീകാന്ത് പറഞ്ഞിരുന്നു.