ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യവകുപ്പ് കുടുംബക്ഷേമ സെക്രട്ടറിയായി മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍ രാജേഷ് ഭൂഷണിനെ നിയമിച്ചു. വെള്ളിയാഴ്‌ച പ്രഖ്യാപിച്ച ഭരണപുനസംഘടന തീരുമാനപ്രകാരമാണ് പുതിയ നിയമനം. നിലവില്‍ പ്രീതി സുദനായിരുന്നു കേന്ദ്ര ആരോഗ്യവകുപ്പ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നത്. മൂന്ന് മാസത്തേക്ക് കാലാവധി നീട്ടിയ പ്രീതി സുദന്‍ ജൂലായ് 31നാണ് വിരമിക്കുന്നത്. കൊവിഡ് വ്യാപനം രാജ്യത്ത് രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യവകുപ്പില്‍ പുനര്‍നിയമനം നടത്തിയിരിക്കുന്നത്. 1987ലെ ബിഹാര്‍ കേഡര്‍ ഐഎഎസ് ഓഫീസറാണ് രാജേഷ് ഭൂഷണ്‍. ഭൂവിഭവ വകുപ്പ് സെക്രട്ടറിയായി അജയ് തിര്‍കെയെയും നിയമിച്ചിട്ടുണ്ട്. 1987ലെ തന്നെ മധ്യപ്രദേശ് കേഡര്‍ ഐഎഎസ് ഓഫീസറാണ് അജയ് തിര്‍കെ. ജൂലായ് 31ന് വിരമിക്കുന്ന റോല്‍കുമിലിയന്‍ ബുഹ്‌റിലിന് പകരമായാണ് നിയമനം.
ദേശീയ പട്ടികജാതി കമ്മീഷന്‍ സെക്രട്ടറിയായി ഖനി സെക്രട്ടറിയായിരുന്ന സുശീല്‍ കുമാറിനെ നിയമിച്ചു. 1987ലെ ത്രിപുര കേഡറില്‍ നിന്നുള്ള ഐഎഎസ് ഓഫീസറാണ് സുശീല്‍ കുമാര്‍. റാം കുമാര്‍ മിശ്രയുടെ ഒഴിവിലേക്കാണ് നിയമനം. വനിതാശിശു വികസന വകുപ്പ് സെക്രട്ടറിയായി റാം കുമാര്‍ മിശ്രയെ നിയമിക്കുകയും ചെയ്‌തു. ഭൂവിഭവ വകുപ്പിന്‍റെ സെക്രട്ടറിയായി നിയമിച്ച അജയ് തിര്‍കെയുടെ ഒഴിവിലാണ് റാം കുമാര്‍ മിശ്രയുടെ നിയമനം. ഖനന മന്ത്രാലയത്തിന്‍റെ അധിക ചുമതല അനില്‍ കുമാര്‍ ജെയിനിന് നല്‍കാനും മന്ത്രിസഭയുടെ നിയമനസമിതി തീരുമാനിച്ചു. കല്‍ക്കരി മന്ത്രാലയത്തിന്‍റെ സെക്രട്ടറിയായിരുന്നു 1986ലെ മധ്യപ്രദേശ് കേഡര്‍ ഐഎഎസ് ബാച്ചുകാരനായ അനില്‍ കുമാര്‍ ജെയിന്‍.