ജയ്പൂർ: രാജസ്ഥാനിലെ ജലോറിലെ 36 കാരനായ വിങ് കമാൻഡർ അഭിഷേക് ത്രിപാഠി ബുധനാഴ്ച റാഫേൽ യുദ്ധവിമാനവുമായി ഫ്രാൻസിൽ നിന്ന് അംബാല എയർ ബേസിൽ എത്തും. ജലോറിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഡൽഹിയിലെ ജെഎൻയുവിൽ നിന്ന് എംഎസ്‌സി പൂർത്തിയാക്കിയ ത്രിപാഠി, വിങ് കമാൻഡർ അയി ഉയർന്നതിന്‍റെ സന്തോഷത്തിലാണ് ജലോർ നഗരം.
1984 ജനുവരി ഒമ്പതിന് ജലോറിലാണ് അഭിഷേക് ത്രിപാഠി ജനിച്ചത്. പിതാവ് അനിൽകുമാർ ത്രിപാഠി ലാൻഡ് ഡെവലപ്‌മെന്‍റ് ബാങ്കിലും അമ്മ മഞ്ജു ത്രിപാഠി സെയിൽ ടാക്സ് ഡിപ്പാർട്ട്‌മെന്‍റിലുമാണ് ജോലി ചെയ്തിരുന്നത്. 2001ൽ നാഷണൽ ഡിഫൻസ് അക്കാദമി (എൻഡിഎ) പാസായ ത്രിപാഠി എൻഡിഎയുടെ പരിശീലനം പൂർത്തിയാക്കിയ ശേഷം ഫ്ലൈയിംഗ് ഓഫീസറായി വ്യോമസേനയിൽ സേവനം ആരംഭിച്ചു. തുടർന്ന് ഫ്ലൈയിംഗ് ലെഫ്റ്റനന്‍റ്, സ്ക്വാഡ്രൺ ലീഡർ എന്നി പദവികളിൽ സേവനം അനുഷ്ടിച്ചു. നിലവിൽ അംബാലയിലെ വിങ് കമാൻഡറായാണ് ജോലി ചെയ്യുന്നത്.
ആര്യ വീർദൾ ജനറൽ സെക്രട്ടറി ശിവദുത് ആര്യയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ത്രിപാഠി ആര്യ വീർദളിൽ ചേർന്നു ഗുസ്തി പഠിച്ചിരുന്നു. 1997 ൽ ജലൂരിൽ നടന്ന ജില്ലാതല ഗുസ്തി മത്സരത്തിൽ രണ്ടാം സ്ഥാനം നേടി. തുടർന്ന് ത്രിപാഠി നിരവധി ഗുസ്തി മത്സരങ്ങളിൽ ആര്യ വീർദളിനെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട് .
60,000 കോടി രൂപയ്ക്ക് 36 റാഫേൽ ജെറ്റുകൾ വാങ്ങുന്നതിനായി 2016 ൽ ഇന്ത്യ ഒപ്പുവച്ച എക്കാലത്തെയും വലിയ പ്രതിരോധ കരാർ പ്രകാരം റാഫേലിലെ എല്ലാ പൈലറ്റുമാർക്കും ഫ്രഞ്ച് ഡസോൾട്ട് ഏവിയേഷൻ കമ്പനി പരിശീലനം നൽകിയിട്ടുണ്ട്. ഫ്രഞ്ച് വ്യോമതാവളത്തിൽ നിന്ന് ജൂലൈ 27 നാണ് റഫേല്‍ ഇന്ത്യയിലേക്ക് പുറപ്പെട്ടത്.
ഇന്ത്യൻ വ്യോമസേന (ഐഎഎഫ്)യുടെ അഞ്ച് റാഫേൽ വിമാനങ്ങളുടെ ആദ്യ ബാച്ച് 7000 കിലോമീറ്റര്‍ പിന്നിട്ട് ഇന്ന് അംബാലയിലെ സൈനിക കേന്ദ്രത്തില്‍ എത്തുമെന്നാണ് റിപ്പോർട്ട്. ഫ്രാൻസിൽ നിന്ന് എത്തുന്ന അഞ്ച് റാഫേൽ യുദ്ധവിമാനങ്ങളുടെ ആദ്യ ബാച്ചിനെ സ്വീകരിക്കുന്നതിനായി വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ആർകെഎസ് ഭദൗരിയ ഇന്ന് അംബാല സന്ദർശിക്കും. ഇന്ത്യൻ റാഫേൽ വിമാനങ്ങൾ രാവിലെ 11 മണിയോടെ യുഎഇയിലെ അൽ ദാഫ്രയിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് രണ്ട് മണിയോടെ അംബാലയിലെത്തുമെന്നാണ് റിപ്പോർട്ട്.