ജയ്പൂര്‍: രാജസ്ഥാനില്‍ അശോക് ഗെലോത്ത് സര്‍ക്കാരിനെ തകര്‍ച്ചയുടെ വക്കിലെത്തിച്ച രാഷ്ട്രീയ പ്രതിസന്ധിക്കിടെ കോണ്‍ഗ്രസ് എംഎല്‍എമാരുടെ ഫോണുകള്‍ ചോര്‍ത്തിയെന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത സംഭവത്തില്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ രാജസ്ഥാന്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സച്ചിന്‍ പൈലറ്റിന്‍റെ മാധ്യമ ഉപദേഷ്ടാവ് ലോകേന്ദ്ര സിങ്, ആജ് തക് എഡിറ്റര്‍ ശരത് കുമാര്‍ എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. അശോക് ഗെലോട്ടിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍, എംഎല്‍എമാരില്‍ ചിലരുടെ ഫോണുകള്‍ ചോര്‍ത്തിയതായി സച്ചിന്‍ പൈലറ്റ് ക്യാമ്പ് ആരോപിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് നടപടി. നിരവധി ടിവി ചാനലുകളും പ്രാദേശിക മാധ്യമങ്ങളും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും ശരത് കുമാര്‍, ലോകേന്ദ്ര സിങ് എന്നിവര്‍ക്കെതിരെ മാത്രമാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. അതേസമയം അഭ്യൂഹങ്ങളുടെ ശരിയായ ഉറവിടം പൊലീസ് ഇതുവരെ കണ്ടെത്തിയിട്ടില്ല.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 505 (1), 505 (2), 120 ബി വകുപ്പുകള്‍ പ്രകാരവും ഐടി നിയമത്തിലെ 76-ാം വകപ്പ് പ്രകാരവുമാണ് ജയ്പൂരിലെ വിദ്യാക് പുരി പൊലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തെറ്റായതോ സ്ഥിരീകരിക്കാത്തതോ ആയ വാര്‍ത്തകള്‍ പ്രചരിപ്പിക്കല്‍, ഗൂഢാലോചന തുടങ്ങിയവ പ്രകാരമാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് ജയ്പൂർ സൗത്ത് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ മനോജ് കുമാർ പറഞ്ഞു.