ജയ്പൂര്‍: രാജസ്ഥാനില്‍ ലോക് ഡൗണ്‍ നീക്കാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ട്. ഏപ്രില്‍ 14ന് ശേഷം നിയന്ത്രണങ്ങളോടെ ലോക് ഡൗണ്‍ നീക്കാനാണ് അശോക് ഗെഹലോട്ട് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ലോക് ഡൗണുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സർക്കാർ ഇക്കാര്യം വ്യക്തമാക്കി. ആദ്യ ഘട്ടത്തില്‍ ഗവണ്‍മെന്‍റ് സ്ഥാപനങ്ങളെയും അവശ്യ സര്‍വ്വീസുകളെയും നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കും.
ജോലിക്കാരെ രണ്ട് വിഭാഗമായി തിരിച്ച് ഒന്നിടവിട്ട ദിവസങ്ങളില്‍ ജോലിക്ക് ഹാജരാകാന്‍ ആവശ്യപ്പെടും. അതേസമയം കുട്ടികള്‍ക്കും പ്രായമായവര്‍ക്കും പുറത്തിറങ്ങുന്നതിനുള്ള നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിക്കില്ല. ആദ്യ ആഴ്ച്ചയില്‍ നിരോധരാജ്ഞ തുടരുമെന്നുമാണ് റിപ്പോര്‍ട്ട്. അതേസമയം ഐ.എ.എഫ് ഓഫീസര്‍മാര്‍ അടക്കം രാജ്യത്തെ വിദഗ്ദരോട് വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് 24 പേര്‍ക്ക് കൂടി കൊവിഡ് -19 സ്ഥിരീകരിച്ചതായി അഡീഷണല്‍ ചീഫ് സെക്രട്ടറി രോഹിത് കുമാര്‍ സിംഗ് പറഞ്ഞു.