ജയ്‌പൂര്‍: കൊറോണില്‍ മരുന്നുമായെത്തിയ പതഞ്ജലി കമ്പനിക്ക് നോട്ടീസയച്ച് രാജസ്ഥാന്‍ ഹൈക്കോടതി. പതഞ്ജലിക്കു പുറമേ കേന്ദ്ര സംസ്ഥാന സര്‍ക്കാരിനോടും നിംസ് യൂനിവേഴ്‌സിറ്റി ,ഐസിഎംആർ എന്നിവരോടും കൊറോണില്‍ വിഷയത്തില്‍ ഹൈക്കോടതി വിശദീകരണം തേടി. മരുന്ന് സംബന്ധിച്ച ബാബ രാംദേവിന്‍റെ വാദത്തിനെതിരെ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. ചീഫ് ജസ്റ്റിസ് ഇന്ദ്രജിത്ത് മഹാന്തി, ജസ്റ്റിസ് പ്രകാശ് ഗുപ്‌ത എന്നിവരാണ് ഹര്‍ജി പരിഗണിച്ചത്.
കൃത്യമായ പരിശോധന നടത്താതെയും ഐസിഎംആറിനും ആയുഷ് മന്ത്രാലയത്തിനും വിശദീകരണം നല്‍കാതെയുമാണ് മരുന്ന് പുറത്തിറക്കിയതെന്നാണ് ഹര്‍ജിക്കാരനായ എസ്.കെ സിങിന്‍റെ വാദം. മരുന്ന് കഴിക്കുന്ന ആള്‍ക്ക് കൊവിഡ് ബാധിച്ചേക്കാമെന്നും മരണസാധ്യതയുണ്ടെന്നും ഹര്‍ജിക്കാരന്‍ പറയുന്നു. 2018ലും പരാതിക്കാരനായ എസ്.കെ സിങ് ബാബ രാംദേവിനെതിരെ കേസ് നല്‍കിയിരുന്നു. പതഞ്ജലിയുടെ ബിസ്‌ക്കറ്റുകള്‍ ഉണ്ടാക്കിയിരിക്കുന്നത് 100 ശതമാനവും ഗോതമ്പ് കൊണ്ടല്ലെന്നും ഇതില്‍ മൈദ അടങ്ങിയിരിക്കുന്നുവെന്നും സിങിന്‍റെ പരാതിയില്‍ പറഞ്ഞിരുന്നു.
കൊറോണില്‍ മരുന്നിനെതിരെ ഉത്തരാഖണ്ഡ് ഹൈക്കോടതി നോട്ടീസിറക്കിയതിന് പുറമേയാണ് ഇപ്പോള്‍ രാജസ്ഥാന്‍ ഹൈക്കോടതിയുടെ നടപടി. എന്നാല്‍ കൊറോണില്‍ ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ ആയി മാത്രം വില്‍പന നടത്താമെന്ന് ആയുഷ് മന്ത്രാലയം വ്യക്തമാക്കിയിരുന്നു. കൊവിഡ് ചികില്‍സ എന്നതിന് പകരം കൊവിഡ് നിയന്ത്രണം എന്ന പദം ഉപയോഗിക്കാന്‍ മന്ത്രാലയം തന്നോടാവശ്യപ്പെട്ടിട്ടുണ്ടെന്നും നിര്‍ദേശം പാലിക്കുന്നുണ്ടെന്നും ബാബ രാംദേവ് പറഞ്ഞു.
നേരത്തെ കൊവിഡ് ഭേദമാക്കുമെന്ന അവകാശവാദവുമായാണ് പതഞ്ജലി മരുന്നുകള്‍ വിപണിയിലിറക്കിയത്. എന്നാല്‍ മരുന്നിനെപ്പറ്റി കേന്ദ്രം വിശദീകരണം തേടുകയും പരസ്യം നിര്‍ത്തിവെക്കാന്‍ നിര്‍ദേശിക്കുകയും ചെയ്‌തിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൊവിഡിനെ ഭേദമാക്കുമെന്ന അവകാശവാദം ഉന്നയിച്ചില്ലെന്ന് കമ്പനി മലക്കം മറിഞ്ഞിരുന്നു. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ മാത്രമാണ് മരുന്നെന്ന് പതഞ്ജലി പിന്നീട് വ്യക്തമാക്കിയിരുന്നു.