ഭരത്പൂര്‍: റെയില്‍ പാത തടഞ്ഞുള്ള സമരവുമായി ഗുര്‍ജര്‍ വിഭാഗക്കാര്‍ .ഏറ്റവും പിന്നോക്ക വിഭാഗമെന്ന നിലയില്‍ ഗുര്‍ജര്‍ വിഭാഗത്തിന് ജോലികളിലും വിദ്യാഭ്യാസത്തിലും സംവരണം ഏര്‍പ്പെടുത്തുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന വിജയ് ബെയ്ന്‍സ്ലയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് പ്രതിഷേധം.സര്‍ക്കാറുമായി ചര്‍ച്ച നടത്താന്‍ എവിടെയും പോവാന്‍ തങ്ങള്‍ തയ്യാറല്ല. ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമെങ്കില്‍ റെയില്‍വെ ട്രാക്കില്‍ വന്ന് തങ്ങളുമായി സംസാരിക്കാമെന്നും ഗുര്‍ജാര്‍ കോര്‍ കമ്മറ്റി അംഗം ഹര്‍ദേവ് സിംഗ് പൗട്ട പറഞ്ഞു. പുല്‍വാമ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലെ പ്രതിഷേധ പരിപാടി മാറ്റിവെച്ചത്. രണ്ട് വര്‍ഷമായി സര്‍ക്കാര്‍ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ഗുര്‍ജര്‍ സമുദായത്തെ രണ്ട് വിഭാഗങ്ങളാക്കി തിരിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. മറ്റ് പിന്നോക്ക വിഭാഗങ്ങളുടെ സംവരണം 21 ശതമാനത്തില്‍ നിന്നും 26 ശതമാനമാക്കി ഉയര്‍ത്താനുള്ള ബില്‍ 2018 ഒക്ടോബര്‍ 26ന് രാജസ്ഥാന്‍ നര്‍ക്കാര്‍ പാസാക്കിയിരുന്നു.