ജയ്പൂര്‍/രാജസ്ഥാന്‍: കേരളത്തിനും പഞ്ചാബിനും പിന്നാലെ സി.എ.എ വിരുദ്ധ പ്രമേയം പാസാക്കാനൊരുങ്ങി രാജസ്ഥാന്‍. വെള്ളിയാഴ്ച നടക്കുന്ന ബജറ്റ് അവതരണത്തിന് മുന്നോടിയായി സി.എ.എ വിരുദ്ധ പ്രമേയം അവതരിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് പറഞ്ഞു. നിയമത്തിനെതിരെ രാജ്യത്തൊട്ടാകെ നടക്കുന്ന പ്രതിഷേധങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ കേള്‍ക്കണം. ചര്‍ച്ചയില്ലെങ്കിൽ ജനാധിപത്യം ദുര്‍ബലമാകുമെന്നും പൈലറ്റ് വ്യക്തമാക്കി.
പൗരത്വ നിയമ ഭേദഗതി നിയമവിധേയമാണോ എന്ന് പറയേണ്ടത് സുപ്രീം കോടതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണഘടന പ്രതിഷേധിക്കാനുളള അവകാശം നല്‍കുന്നുണ്ട്. എന്നാൽ ആരെങ്കിലും പ്രതിഷേധിച്ചാൽ അവരെ ആക്രമിക്കുകയും രാജ്യദ്രോഹികള്‍ എന്ന് വിശേഷിപ്പിക്കുകയുമാണ് ചെയ്യുന്നത്.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ആക്രോഷ് റാലിക്ക് മുന്നോടിയായി ജയ്പൂരിൽ മുന്നൊരുക്കങ്ങള്‍ വിലയിരുത്താനായി എത്തിയപ്പോഴായിരുന്നു അദ്ദേഹം. റാലിയില്‍ യുവജനങ്ങളേയും വിദ്യാര്‍ഥികളേയും അണിനിരത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിനും പഞ്ചാബിനും പിന്നാലെ മഹാരാഷ്ട്രയും പശ്ചിമ ബംഗാളും പ്രമേയം പാസാക്കാനുള്ള ഒരുക്കത്തിലാണ്.