ജയ്‌പൂര്‍: ജയ്‌പൂരില്‍ ഇന്ന് നടക്കുന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കണമെന്ന് എംഎൽഎമാർക്ക് വിപ്പ് നൽകി. ഒരു കാരണവും രേഖപ്പെടുത്താതെ യോഗത്തിൽ പങ്കെടുക്കാതിരുന്നാൽ അച്ചടക്കനടപടി നേരിടേണ്ടിവരും. സിഎൽപി യോഗം ഇന്ന് രാവിലെ 10.30ന് നടക്കുമെന്ന് രാജസ്ഥാൻ കോൺഗ്രസ് ചുമതലയുള്ള അവിനാശ് പാണ്ഡെ പറഞ്ഞു. മുഖ്യമന്ത്രി അശോക് ഗെലോട്ടിന്‍റെ വസതിയിൽ ഞായറാഴ്ച നടന്ന യോഗത്തിന് ശേഷമാണ് ഇന്നത്തെ യോഗത്തിന് വിപ്പ് നൽകാനുള്ള തീരുമാനം. കൂടിക്കാഴ്ചയ്ക്ക് ശേഷം പാണ്ഡെ തിങ്കളാഴ്ച പുലർച്ചെ മാധ്യമപ്രവർത്തകരെ കണ്ടു.
പാർട്ടി വക്താവ് രൺദീപ് സുർജേവാല, അജയ് മകെൻ എന്നിവർ ഞായറാഴ്ച രാത്രി ജയ്‌പൂരിലെത്തി. 109 എംഎൽഎമാർ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്‍റെ നേതൃത്വത്തിലുള്ള രാജസ്ഥാൻ സർക്കാരിന് പിന്തുണ അറിയിച്ചതായി പാണ്ഡെ പറഞ്ഞു. സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ബിജെപി ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. എല്ലാ സംസ്ഥാനങ്ങളിലും ബിജെപി ഇത് ചെയ്യുന്നുണ്ട്. ഇത് അടുത്തിടെ മധ്യപ്രദേശിൽ കണ്ടു, പക്ഷേ അത് രാജസ്ഥാനിൽ ആവർത്തിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.