ജയ്പൂർ: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടയിൽ ജയ്പൂർ- ഡൽഹി ഹൈവേയിലെ ഹോട്ടലിൽ പാർപ്പിച്ചിരുന്ന അശോക് ഗെലോട്ട് പക്ഷത്തെ 54 എംഎൽഎമാരെ വെള്ളിയാഴ്ച ജയ്സാൽമീറിലേക്ക് മാറ്റുകയാണെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. ആദ്യ റൗണ്ടിൽ 54 എംഎൽഎമാരുമായി മൂന്ന് ചാർട്ടേഡ് വിമാനങ്ങൾ ജയ്‌സാൽമീറിലേക്ക് പുറപ്പെട്ടു. ബാക്കിയുള്ള നിയമസഭാംഗങ്ങളെ രണ്ടാം റൗണ്ടിൽ കൊണ്ടും പോകുമെന്ന് കോൺഗ്രസ് സംസ്ഥാന നേതൃത്വം അറിയിച്ചു.
ഒരു മാറ്റത്തിനായി ഞങ്ങൾ ജയ്സാൽമീറിലേക്ക് പോവുകയാണെന്ന് കോൺഗ്രസ് എംഎൽഎ പ്രശാന്ത് ബെയ്‌ർവ പറഞ്ഞു. മുഖ്യമന്ത്രി അശോക് ഗെലോട്ടും ജയ്സാൽമീറിലേക്ക് പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത നിയമസഭ സമ്മേളനത്തില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തുമെന്ന് ഗെലോട്ട് സൂചിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് എംഎൽഎമാരെ മാറ്റാനുള്ള തീരുമാനം.
അടുത്ത നിയമസഭ സമ്മേളനത്തിന് മുന്നോടിയായി എംഎൽഎമാർക്ക് പണം വാഗ്ദാനം ചെയ്യുന്നത് കുത്തനെ വർദ്ധിച്ചുവെന്ന് ഗെലോട്ട് പറഞ്ഞു. സച്ചിൻ പൈലറ്റും മുഖ്യമന്ത്രി അശോക് ഗെലോട്ടും തമ്മിലുള്ള പ്രശ്നങ്ങളെ തുടർന്ന് പാർട്ടിയിൽ പ്രതിസന്ധി രൂക്ഷമായതോടെ ജൂലൈ 13 മുതലാണ് എംഎൽഎമാർ ഹോട്ടലിൽ താമസം ആരംഭിച്ചത്.