ന്യൂഡല്‍ഹി: അടുത്ത മൂന്നര വര്‍ഷത്തിനുള്ളില്‍ ഇന്ത്യൻ റെയില്‍വേ നൂറ് ശതമാനം വൈദ്യൂതീകരണത്തിലേക്ക് മാറുമെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍. 2030ഓടെ ഗ്രീൻ റെയിൽവേ എന്ന ലക്ഷ്യം കൈവരിക്കാനാണ് ശ്രമിക്കുന്നത്. 'റിന്യൂവബിൾ എനർജി മാനുഫാക്ചറിംഗ്' എന്ന വിഷയത്തിൽ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുനരുപയോഗ ഊർജ്ജമേഖലയിൽ ഇന്ത്യ കൈവരിച്ച മുന്നേറ്റത്തെ പ്രശംസിക്കുന്നതിനിടെ അന്താരാഷ്ട്ര സോളാർ ഗ്രിഡിലേക്ക് മാറുന്നതിന് സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. അടുത്ത പത്ത് വർഷത്തിനുള്ളിൽ 100 ശതമാനം 'നെറ്റ് സീറോ' ഓപ്പറേറ്ററിലേക്കും മാറും. ഇന്ത്യൻ റെയിൽവേ 40,000 കിലോമീറ്ററിലധികം വൈദ്യുതീകരണം പൂർത്തിയാക്കി. അതിൽ 2014-20 കാലയളവിൽ 18,605 കിലോമീറ്റർ പ്രവർത്തനങ്ങൾ നടന്നു. 2020-21 വർഷത്തിൽ 7,000 കിലോമീറ്റർ റൂട്ട് വൈദ്യുതീകരിക്കുക എന്ന ലക്ഷ്യവും റെയിൽവേ നിശ്ചയിച്ചിട്ടുണ്ട്. കൂടാതെ ബ്രോഡ് ഗേജ് ശൃംഖലയിലെ എല്ലാ റൂട്ടുകളും 2023 ഡിസംബറോടെ വൈദ്യുതീകരിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്.
ഇന്ത്യൻ റെയിൽവേ 100 ശതമാനം വൈദ്യുതീകരണത്തിനുള്ള പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അംഗീകാരം നൽകിയിട്ടുണ്ടെന്നും രാജ്യത്തെ 1,20,000 ട്രാക്ക് കിലോമീറ്ററിൽ വൈദ്യുതീകരിക്കുന്നതോടെ ലോകത്തെ ഏറ്റവും വലിയ റെയിൽവേ സംവിധാനമായി ഇത് മാറുമെന്നും പീയൂഷ് ഗോയൽ പറഞ്ഞിരുന്നു.