ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ ആസ്ഥാനമായ റെയിൽ ഭവൻ ജൂലൈ 14 മുതൽ രണ്ട് ദിവസത്തേക്ക് അടച്ചിരിക്കും. ശുചീകരണ പ്രവർത്തനങ്ങൾക്കായാണ് റെയിൽ ഭവൻ അടയ്ക്കുന്നത്.
ജൂലൈ 9, 10, ജൂലൈ 13 തിയതികളിൽ റെയിൽ ഭവനിൽ സംഘടിപ്പിച്ച സ്‌പെഷ്യൽ റാപ്പിഡ് ആന്‍റിജന്‍ ടെസ്റ്റിങ് ക്യാമ്പിനിടെ റെയിൽവേ ബോർഡിലെ ചില ഉദ്യോഗസ്ഥർ കൊവിഡ് പോസിറ്റീവായി കണ്ടെത്തിയതായി റെയില്‍വേ അറിയിച്ചു. ഇതനുസരിച്ച്, മുറികളുടെയും പൊതു പ്രദേശങ്ങളുടെയും ശുചിത്വം ഉറപ്പാക്കുന്നതിനാണ് ജൂലൈ 14, 15 തീയതികളിൽ റെയിൽ ഭവനിലെ എല്ലാ ഓഫീസുകളും അടയ്ക്കാൻ തീരുമാനിച്ചത്.
ഈ കാലയളവിൽ, എല്ലാ ഉദ്യോഗസ്ഥരും വീട്ടിലിരുന്ന് ജോലിചെയ്യുമെന്നും ഫോണിലും മറ്റ് ഇലക്ട്രോണിക് ആശയവിനിമയ മാർഗങ്ങളിലും ലഭ്യമായിരികുമെന്നും ബോർഡ് അറിയിച്ചു. അടിയന്തര ജോലി ആവശ്യങ്ങൾക്ക് മാത്രം ഓഫീസിലെത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പ്രത്യേക നിർദേശം നൽകും. തിങ്കളാഴ്ച ഡൽഹിയിൽ 40 കൊവിഡ് മരണങ്ങളും 1,246 പോസിറ്റീവ് കേസുകളും റിപ്പോർട്ട് ചെയ്തതോടെ ദേശീയ തലസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,13,740 ആയി ഉയർന്നു. സജീവ കേസുകളുടെ എണ്ണം 19,017 ആണ്. 91,312 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.