ന്യൂഡല്‍ഹി: ഉത്തർപ്രദേശില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്കിടെയുണ്ടായ പൊലീസ് ക്രൂരതയില്‍ അന്വേഷണം ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. പ്രതിഷേധക്കാരെ ക്രൂരമായാണ് ഉത്തർപ്രദേശ് പൊലീസ് നേരിട്ടതെന്ന് ഇരുനേതാക്കളും നല്‍കിയ പരാതിയില്‍ പറയുന്നു.
കോൺഗ്രസ് നേതാക്കളായ മുഹ്‌സിന കിദ്വായി, സല്‍മാൻ ഖുർഷിദ്, പി.എല്‍ പൂണിയ, ജിതിൻ പ്രസാദ, അഭിഷേക് സിങ്‌വി, രാജീവ് ശുക്ല, യുപി കോൺഗ്രസ് അധ്യക്ഷൻ അജയ്‌കുമാര്‍ ലല്ലു എന്നിവർക്കൊപ്പമാണ് രാഹുലും പ്രിയങ്കയും എത്തിയത്. പൊലീസ് വെടിവയ്‌പ്പിന്‍റെയും അതിക്രമങ്ങളുടെയും ദൃശ്യങ്ങളും കോൺഗ്രസ് കമ്മീഷന് സമർപ്പിച്ചു. കള്ളകേസുകൾ രജിസ്റ്റർ ചെയ്‌തതിന്‍റെ രേഖകളും മനുഷ്യാവകാശ കമ്മീഷന് കൈമാറിയതായി കോൺഗ്രസ് നേതാവ് അഭിഷേക് സിങ്‌വി പറഞ്ഞു.