ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ വമ്പൻ തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി പ്രഖ്യാപിക്കാനുള്ള തീരുമാനത്തില്‍ ഉറച്ച് രാഹുല്‍ ഗാന്ധി. ഫലം വന്ന് നാല് ദിവസത്തിന് ശേഷവും രാഹുല്‍ ഗാന്ധി നിലപാട് മയപ്പെടുത്തിയിട്ടില്ല. വെല്ലുവിളി നിറഞ്ഞ മുമ്പോട്ടുള്ള യാത്രയിൽ മാർഗനിർദേശത്തിനായി പുതിയ വ്യക്തിയെ തിരഞ്ഞെടുക്കണമെന്നാണ് രാഹുലിന്‍റെ തീരുമാനം. ശനിയാഴ്ച നടന്ന കോൺഗ്രസ് പ്രവർത്തക സമിതിയിലാണ് രാഹുൽ രാജി പ്രഖ്യാപനം നടത്തിയത്.
തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന്‍റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്തതിന് ശേഷമായിരുന്നു പ്രഖ്യാപനം. എന്നാൽ കോൺഗ്രസ് പ്രവർത്തക സമിതി ഐകകണ്ഠേന തീരുമാനം തള്ളിക്കളഞ്ഞു. രാജിയെക്കുറിച്ച് പുനരാലോചിക്കാനും അദ്ദേഹത്തെ ബോധ്യപ്പെടുത്താനും മുതിർന്ന നേതാക്കളുടെ ഭാഗത്ത് നിന്നും ഗൗരവമായ ശ്രമങ്ങളാണ് നടക്കുന്നത്.
പാർട്ടി ട്രഷറർ അഹമ്മദ് പട്ടേൽ, ഓർഗനൈസേഷണൽ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എന്നിവർ രാഹുലിനെ വസതിയിൽ എത്തി സന്ദർശിക്കുകയും പാർട്ടിയെ നയിക്കുന്നതിൽ തുടരാൻ ആവശ്യപ്പെടുകയും ചെയ്തു. സംഘടന പുനർനിർമ്മിക്കേണ്ട സാഹചര്യത്തിൽ പുതിയ നേതാവിനെ കോൺഗ്രസിന് പ്രതീക്ഷിക്കാനില്ല. പരാജയത്തിന്‍റെ ഉത്തരവാദിത്വം ഒരു വ്യക്തിയുടേതല്ല, കൂട്ടായതാണെന്ന് നേതാക്കൾ പറഞ്ഞു. അതേസമയം രാഹുലിന്‍റെ രാജി സംബന്ധിച്ച വാർത്തകളില്‍ കോൺഗ്രസ് നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചു. കോൺഗ്രസ് പ്രവർത്തക സമിതിയുടെ രഹസ്യ ചർച്ചക്ക് മാധ്യമങ്ങളുൾപ്പെടെയുള്ള ഏവരുടേയും ആദരവ് കോൺഗ്രസ് പ്രതീക്ഷിക്കുന്നു. വിവിധ അനുമാനങ്ങളും കിംവദന്തികളും ഊഹങ്ങളും മാധ്യമങ്ങളുടെ ഭാഗത്ത് നിന്ന് പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവല ട്വിറ്ററിൽ കുറിച്ചു.