ഡല്‍ഹി: കേരളത്തിലെ കാര്‍ഷിക വായ്‌പകളുടെ മൊറട്ടോറിയം കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്ക് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ കത്ത്. ഡിസംബര്‍ 31 വരെ മൊറട്ടോറിയം നീട്ടണമെന്നാണ് വയനാട് എംപി കൂടിയായ രാഹുല്‍ ഗാന്ധി കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പ്രളയമാണ് കഴിഞ്ഞ വര്‍ഷം കേരളത്തിലുണ്ടായത്. ഇതേ തുടര്‍ന്ന് വിളകള്‍ നശിക്കുകയും മറ്റനവധി നാശനഷ്ടങ്ങള്‍ ഉണ്ടാകുകയും ചെയ്‌തിട്ടുണ്ട്. അത് മൂലം വായ്‌പകള്‍ തിരിച്ചടക്കാന്‍ കര്‍ഷകര്‍ക്ക് കഴിയാതെ വന്നിരിക്കുകയാണ്. കൂടാതെ നാണ്യവിളകള്‍ക്ക് ആഗോള വിപണിയിലുണ്ടായ വിലയിടിവ് കര്‍ഷകരെ ബാധിച്ചിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധി കത്തില്‍ ചൂണ്ടിക്കാട്ടി.
കാര്‍ഷിക കടങ്ങള്‍ തിരിച്ചടക്കുന്നതിന് ബാങ്കുകള്‍ സ്വീകരിക്കുന്ന നടപടികളുടെ ഫലമായി കര്‍ഷക ആത്മഹത്യകളും കേരളത്തില്‍ വര്‍ധിച്ചുവരികയാണ്. ഡിസംബര്‍ 31 വരെ മൊറട്ടോറിയം കാലാവധി നീട്ടണമെന്നുള്ള സംസ്ഥാന സര്‍ക്കാരിന്‍റെയും പ്രതിപക്ഷ കക്ഷികളുടെയും ആവശ്യം അംഗീകരിക്കാന്‍ സംസ്ഥാന ബാങ്കേഴ്‌സ് സമിതി തയ്യാറായിട്ടില്ല. ഇക്കാര്യത്തില്‍ റിസര്‍വ് ബാങ്ക് ഇടപെടണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.