ഭോപ്പാൽ: രാഹുൽ ഗാന്ധിക്കും കുടുംബത്തിനും യുവനേതാക്കളോട് അസൂയയാണെന്ന് മുതിർന്ന ബിജെപി നേതാവ് ഉമ ഭാരതി. രാജസ്ഥാനിലെ എല്ലാ പ്രതിസന്ധിക്കും കാരണം രാഹുൽഗാന്ധിയും കുടുംബവുമാണ്. ഗാന്ധി കുടുംബം യുവനേതാക്കളെ അപമാനിക്കുകയാണെന്നും അവരുടെ വളർച്ചയിൽ അസൂയപ്പെടുകയാണെന്നും ഉമ ഭാരതി പറഞ്ഞു.
താൻ സിന്ധ്യ കുടുംബത്തിന്‍റെ ഭാഗമാണ്. ജ്യോതിരാദിത്യ സിന്ധ്യയെ ജനിച്ചതുമുതൽ തനിക്കറിയാമെന്നും മധ്യപ്രദേശിൽ മാത്രമല്ല, മുഴുവൻ രാജ്യത്തും അദ്ദേഹത്തിന് നല്ലൊരു ഭാവിയുണ്ടാകുമെന്നും ഉമ ഭാരതി പറഞ്ഞു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ചില പ്രധാന വകുപ്പുകൾ മുൻ കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടെ വിശ്വസ്‌തർക്ക് നൽകിയതിന് ശേഷമാണ് ഉമ ഭാരതിയുടെ പരാമർശം. മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ രാജസ്ഥാൻ കോൺഗ്രസിലെ പ്രതിസന്ധി രൂക്ഷമാക്കിയിരുന്നു.
എംഎൽഎമാരെ കൈയ്യിലെടുത്ത് സർക്കാരിനെ വീഴ്‌ത്താൻ ശ്രമിക്കുന്ന ബിജെപിയെ അശോക് ഗെലോട്ട് വിമർശിച്ചു. സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധിയെക്കുറിച്ച് പാർട്ടി നേതൃത്വത്തോട് സംസാരിക്കാൻ സച്ചിൻ പൈലറ്റ് ഡൽഹിയിൽ തന്നെയുണ്ട്. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, അഹമ്മദ് പട്ടേൽ, പി. ചിദംബരം, കെ.സി വേണുഗോപാൽ തുടങ്ങിയവർ സച്ചിൻ പൈലറ്റുമായി നിരവധി തവണ സംസാരിച്ചിട്ടുണ്ട്.