ന്യൂഡല്‍ഹി: മഹാരാഷ്‌ട്രയില്‍ കോണ്‍ഗ്രസ് പിന്തുണ മാത്രമാണ് നല്‍കുന്നതെന്നും നിര്‍ണായക തീരുമാനങ്ങള്‍ എടുക്കാറില്ലെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജസ്ഥാന്‍,ചത്തീസ്‌ഗണ്ഡ്,പോണ്ടിച്ചേരി എന്നിവിടങ്ങളിലാണ് ഭരണത്തില്‍ കോണ്‍ഗ്രസ് സുപ്രധാന തീരുമാനങ്ങളെടുക്കാറെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. ഭരണം നടത്തികൊണ്ടു പോവുന്നതിലും, പിന്തുണ നല്‍കുന്നതിലും വ്യത്യാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ നാരായണ്‍ റാനെ ഗവര്‍ണര്‍ ഭഗത് സിങ് കോഷ്‌യാരിയെ സമീപിച്ചിരുന്നു. സംസ്ഥാനത്ത് രാഷ്‌ട്രപതി ഭരണം വേണമെന്നായിരുന്നു അദ്ദേഹത്തിന്‍റെ ആവശ്യം. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി രാഹുല്‍ഗാന്ധിയെത്തുന്നത്. കൂടാതെ ശിവസേന എംപിയായ സഞ്ചയ് റൗട്ട് പ്രതിപക്ഷത്തിനെതിരെയും രംഗത്തു വന്നിരുന്നു. മഹാരാഷ്‌ട്ര സര്‍ക്കാര്‍ ശക്തമാണെന്നും രാഷ്‌ട്രപതി ഭരണം ആവശ്യമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
കൊവിഡ് പ്രതിരോധത്തില്‍ മഹാരാഷ്‌ട്ര സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് പരക്കെ ആരോപണമുണ്ട്. രാജ്യത്ത് കൊവിഡ് വ്യാപിക്കുന്നതില്‍ സര്‍ക്കാരിനെതിരെ രാഹുല്‍ഗാന്ധി നിരന്തരം വിമര്‍ശനമുന്നയിക്കാറുണ്ട്. രാജ്യത്ത് ലോക്ക് ഡൗണ്‍ പരാജയമാണെന്നും രാഹുല്‍ ഗാന്ധി ആരോപിക്കുന്നു. വൈറസ് ക്രമാതീതമായി വ്യാപിക്കുമ്പോള്‍ രാജ്യം ലോക്ക് ഡൗണ്‍ മാറ്റാന്‍ പോവുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലോക്ക് ഡൗണിന്‍റെ പ്രാധാന്യം നഷ്‌ടപ്പെടുത്തിയിരിക്കുന്നുവെന്നും സര്‍ക്കാര്‍ ഇനി എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്നാണ് കോണ്‍ഗ്രസിന് അറിയേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.