ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ലെന്ന തന്‍റെ മുന്‍ നിലപാടില്‍ മാറ്റമില്ലെന്ന് രാഹുല്‍ ഗാന്ധി. തന്‍റെ തീരുമാനം വ്യക്തമാണെന്നും എല്ലാവര്‍ക്കും അറിയാമെന്നും കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചക്ക് മുന്നോടിയായി രാഹുല്‍ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. രാജി തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്ന രാഹുലിനെ അനുനയിപ്പിക്കുന്നതിനായാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ ഇന്ന് ഡല്‍ഹിയിലെത്തി രാഹുലിനെ കണ്ടത്. അശോക് ഗെഹ്‌ലോട്ട്, ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്, ഭൂപേഷ് ബാഗല്‍, വി നാരായണസ്വാമി, കമല്‍നാഥ് എന്നിവരാണ് രണ്ടു മണിക്കൂറോളം നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്. ജനങ്ങളുടേയും പാര്‍ട്ടി പ്രവര്‍ത്തകരുടേയും വികാരം കണക്കിലെടുത്ത് രാഹുല്‍ തീരുമാനമെടുക്കും എന്നാണ് പ്രതീക്ഷയെന്ന് കൂടിക്കാഴ്ചക്ക് ശേഷം അശോക് ഗെഹ്‌ലോട്ട് പറഞ്ഞു.
നേരത്തേ രാഹുല്‍ രാജി തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ട്വീറ്റ് ചെയ്തിരുന്നു. നിലവിലെ സാഹചര്യത്തില്‍ രാഹുലിന് മാത്രമേ പാര്‍ട്ടിയെ നയിക്കാനാകൂവെന്നും രാജ്യത്തോടും ജനങ്ങളോടുമുള്ള അദ്ദേഹത്തിന്‍റെ ആത്മാര്‍ത്ഥത പകരം വയ്ക്കാന്‍ കഴിയാത്തതാണെന്നും ഗെഹ്‌ലോട്ട് ട്വീറ്റില്‍ പറഞ്ഞു. അതേസമയം രാജി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എഐസിസിക്ക് മുന്നില്‍ ഉപവാസ സമരം നടത്തി.