ശ്രീനഗര്‍: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ജമ്മു കശ്മീരിലെത്തിയ പ്രതിപക്ഷ സംഘത്തെ തിരിച്ചയച്ചു. സംഘത്തെ വിമാനത്താവളത്തിൽ വച്ച് തടയുകയായിരുന്നു. ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്താനും ജനങ്ങളുമായി നേരിട്ട് സംസാരിക്കാനുമാണ് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുല്‍ ഗാന്ധി ഉൾപ്പടെയുള്ള പ്രതിപക്ഷ സംഘം ജമ്മുകശ്മീരിലെത്തിയത്. പ്രത്യേക പദവി എടുത്ത് കളഞ്ഞ ശേഷമുള്ള രാഹുലിന്‍റെ ആദ്യ സന്ദർശനമാണിത്.
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ സെക്രട്ടറി ഡി രാജ, കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശർമ്മ, കെ സി വേണുഗോപാൽ, ഉൾപ്പടെ പന്ത്രണ്ട് പേരാണ് രാഹുലിനൊപ്പം ശ്രീനഗറിലെത്തിയത്. ജമ്മു കശ്‌മീർ സന്ദർശിക്കാൻ ഗവർണർ സത്യപാൽ മലിക് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു. സാഹചര്യം ആശങ്കപ്പെടുത്തുന്നതാണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രതികരണത്തെ തുടർന്നായിരുന്നു സ്ഥിതിഗതികൾ നേരിട്ട് കണ്ട് മനസിലാക്കാൻ ഗവര്‍ണറുടെ ക്ഷണം.