ന്യൂഡൽഹി: ഹത്രാസിലേയ്ക്ക് കാൽനട യാത്ര ചെയ്‌ത കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും യുപി പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. പകർച്ചവ്യാധി നിയമം ലംഘിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് പൊലീസ് ഇരുവരേയും കസ്റ്റഡിയിലെടുത്തത്. ഇരുവരെയും മുന്നോട്ട് പോകാൻ അനുവദിക്കില്ലെന്ന് നോയിഡ എഡിസിപി റൺവിജയ് സിംഗ് അറിയിച്ചു.
അതേസമയം ഹത്രാസിലേയ്ക്ക് തനിക്ക് പോകണമെന്നും ഏത് നിയമ പ്രകാരമാണ് അറസ്റ്റ് ചെയ്‌തതെന്ന് പൊലീസ് വ്യക്തമാക്കണമെന്നും രാഹുൽ പൊലീസ് ഉദ്യോഗസ്ഥരോട് ചോദിച്ചു. നിയമലംഘനം നടത്തിയതിന് ഐപിസി സെക്ഷൻ 188 പ്രകാരമാണ് അറസ്റ്റ് ചെയ്യുന്നതെന്ന് പൊലീസ് മറുപടി നൽകി.
ഹത്രാസില്‍ പീഡനത്തിനിരയായി ചികിത്സയിലിരിക്കെ മരിച്ച പെണ്‍കുട്ടിയുടെ വീട്ടിലേക്ക് യാത്ര ചെയ്യുകയായിരുന്നു രാഹുലും പ്രിയങ്കയും. ഗ്രേറ്റര്‍ നോയിഡയില്‍ വച്ചാണ് ഇരുവരുടെയും സംഘത്തെ പൊലീസ് തടഞ്ഞത്. വാഹനം തടഞ്ഞതിനെ തുടർന്നായിരുന്നു കാൽനട യാത്ര തുടങ്ങിയത്. ഇത് പൊലീസുമായുള്ള വാക്കേറ്റത്തിലേയ്ക്ക് നയിച്ചിരുന്നു.