ന്യൂഡല്‍ഹി: മണിക്കൂറില്‍ 1380 കിലോമീറ്റർ വേഗത്തില്‍ പറക്കാൻ കഴിയുന്ന റഫാല്‍ വിമാനം ഇന്ത്യയില്‍ എത്തിയത് മൂന്ന് ദിവസം കൊണ്ടാണ്. ഫ്രാൻസില്‍ നിന്ന് 7000 ആകാശ ദൂരമാണ് ഇന്ത്യയിലേക്കുള്ളത്. കൃത്യ വേഗത്തില്‍ പറന്നാല്‍ ഇന്ത്യയിലെത്താൻ വേണ്ടത് അഞ്ച് മണിക്കൂർ മാത്രം.
എന്നാല്‍ ദീർഘദൂര യാത്രകളില്‍ പാലിക്കേണ്ട വേഗ നിയന്ത്രണം ക്രമീകരിച്ചാണ് റഫാല്‍ വിമാനങ്ങൾ ഇന്ത്യയിലെത്തിയത്. ആകാശത്തുവെച്ച് ഇന്ധനം നിറയ്ക്കാൻ അനുഗമിക്കുന്ന ടാങ്കർ വിമാനത്തിനൊപ്പം വേഗം കുറച്ച് ആദ്യം അബുദാബിയിലും അവിടെ ഒരു ദിവസത്തെ വിശ്രമത്തിനും സമയക്രമത്തോടുള്ള മാറ്റം പൂർണമായി യോജിച്ചുമാണ് റഫാല്‍ വിമാനങ്ങൾ ഇന്ത്യയില്‍ എത്തിയത്.
5000 ലിറ്റർ മാത്രം ഇന്ധന ശേഷിയുള്ള റഫാല്‍ യുദ്ധ വിമാനങ്ങൾ വേഗം കുറച്ച് യാത്ര ചെയ്തതും ഇക്കാരണത്താലാണ്. ആകാശത്തും കരയിലുമുള്ള ലക്ഷ്യങ്ങളെ തകർക്കാൻ കഴിയുന്ന മിസൈലുകൾ സജ്ജമാക്കി ഓഗസ്റ്റ് രണ്ടാം പകുതിയോടെ അംബാലയില്‍ റഫാലുകൾ പൂർണസജ്ജമാകും. ഇന്ത്യ - ചൈന അതിർത്തിയിലാകും ആദ്യ ദൗത്യം. 59000 കോടി രൂപയ്ക്ക് 36 വിമാനങ്ങളാണ് ഫ്രാൻസില്‍ നിന്ന് ഇന്ത്യ വാങ്ങുന്നത്.