റാഞ്ചി: ബിഹാർ മുൻ മുഖ്യമന്ത്രി റാബ്രി ദേവി ഭർത്താവും ആർജെഡി നേതാവുമായ ലാലു പ്രസാദ് യാദവിനെ കണ്ടു. രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെത്തിയത്. ജയിലിലായതിന് ശേഷം ഇതാദ്യമായാണ് ഭാര്യ ലാലു പ്രസാദിനെ സന്ദർശിക്കുന്നത്. ജയിൽ ഭരണകൂടത്തിന്‍റെ പ്രത്യേക അനുമതിയോടെയാണ് റാബ്രി ദേവി ലാലു പ്രസാദിനെ കണ്ടത്. ജയിൽ മാനുവലുകൾ പ്രകാരം എല്ലാ ശനിയാഴ്ചകളിലും മൂന്ന് പേർക്ക് മാത്രമാണ് ലാലു പ്രസാദിനെ കാണാൻ സാധിക്കുക.
മകൾ മിസ ഭാരതിയോടൊപ്പം തിങ്കളാഴ്ചയാണ് റാബ്രി ദേവി റാഞ്ചിയിലെത്തിയത്. ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ സെക്രട്ടേറിയറ്റിൽ എത്തി കണ്ടതിന് ശേഷമാണ് റാബ്രി ദേവി ലാലു പ്രസാദിനെ കാണാൻ റിംസിലെ പേയിംഗ് വാർഡിൽ എത്തിയത്. 2018 ഓഗസ്റ്റ് മുതൽ ലാലു പ്രസാദ് റിംസിലാണ് കഴിയുന്നത്. കഴിഞ്ഞ ഒന്നരവർഷത്തിനിടെ വിവിധ രോഗങ്ങൾ ബാധിച്ചിരുന്നെങ്കിലും ഇത് ആദ്യമായാണ് റാബ്രി ദേവി ലാലു പ്രസാദ് യാദവിനെ സന്ദർശിക്കുന്നത്.