ന്യൂഡല്‍ഹി: പട്ടുസാരികള്‍ നെയ്തെടുക്കുന്ന സ്‌ത്രീകള്‍ താമസിക്കുന്ന ബിഹാറിലെ പൂര്‍ണിയ എന്ന സ്ഥലം രാജ്യത്തെ സ്‌ത്രീകള്‍ക്ക് മികച്ച മാതൃകയാണ് പകര്‍ന്ന് നല്‍കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസം നടക്കുന്ന റോഡിയോ പ്രഭാഷണമായ മന്‍ കി ബാത്തിലാണ് മോദിയുടെ പരാമര്‍ശം. "പരമ്പരാഗത കാഴ്‌ചപാടുകളില്‍ നിന്ന് ഇന്ത്യ മാറുകയാണ്, പ്രത്യേകിച്ച് സ്‌ത്രീകളുടെയും പെണ്‍കുട്ടികളുടെയും കാര്യത്തില്‍ നാം ഒരുപാട് പുരോഗമിച്ചിരിക്കുന്നു. അതിനുള്ള ഏറ്റവും മികച്ച ഉദാഹരണമാണ് പൂര്‍ണിയയിലെ സ്‌ത്രീകളുടെ ജീവിതം. രാജ്യത്തെ എല്ലാ സ്ത്രീകള്‍ക്കും മാതൃകയാണ് അവരുടെ ജീവിതം" - മോദി പറഞ്ഞു.
"നേരത്തെ മള്‍ബറിചെടികളില്‍ വളര്‍ത്തുന്ന പട്ടുനൂല്‍പ്പുഴുക്കളില്‍ നിന്ന് കൊക്കൂണുകള്‍ ശേഖരിക്കുന്ന ജോലികള്‍ മാത്രമാണ് പൂര്‍ണിയയിലെ സ്‌ത്രീകള്‍ ചെയ്‌തിരുന്നത്. പട്ടുതുണികള്‍ നിര്‍മിക്കുന്നതിനുള്ള അസംസ്‌കൃത വസ്‌തുവായ ഇവയാണ് സ്‌ത്രീകള്‍ കച്ചവടം ചെയ്‌തിരുന്നത്. എന്നാല്‍ ഇന്ന് സാഹചര്യം മാറിയിരിക്കുന്നു. പട്ടുനൂലുകൊണ്ട് അവര്‍ വസ്‌ത്രങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങിയിരിക്കുന്നു. വിപ്ലവകരമായ മാറ്റമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.