മുംബൈ: സുശാന്ത് സിംഗ് രജ്പുതിന് ആദരാഞ്ജലികൾ അർപ്പിച്ച് സാൻഡ് അനിമേറ്റർ മനസ് കുമാർ സഹോ. "നിങ്ങൾ എല്ലായ്പ്പോഴും ഞങ്ങളോടൊപ്പം ജീവിക്കും" എന്ന കുറിപ്പിനൊപ്പം മണൽ കൊണ്ട് നടന്‍റെ ചിത്രവും വരച്ചു. മെഴുകുതിരികളും പുഷ്പങ്ങളുമർപ്പിച്ച് "സുശാന്ത് സിംഗ് രജ്പുതിന് ആദരാഞ്ജലികൾ"എന്ന് എഴുതിയാണ് അനുശോചനം രേഖപ്പെടുത്തിയത്.
34 കാരനായ സുശാന്ത് സിംഗ് രജപുത് മുംബൈയിലെ ബാന്ദ്ര വസതിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അദ്ദേഹത്തിന്‍റെ വസതിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
2008 ലെ ടെലിവിഷൻ പരമ്പരയായ പവിത്ര റിഷ്ടയിലൂടെയാണ് സുശാന്ത് കാമറയ്ക്ക് മുന്നില്‍ എത്തിയത്. 2013ല്‍ പ്രദർശനത്തിനെത്തിയ കായ് പോ ചേയിലൂടെ അഭിനയ ജീവിതം ആരംഭിച്ചു. ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ എംഎസ് ധോണിയുടെ ജീവിതകഥ പറഞ്ഞ ‘എംഎസ് ധോണി ദി അണ്‍ടോള്‍ഡ് സ്റ്റോറി’, പികെ, ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി, കേദാര്‍നാഥ്, ചിച്ചോറെ എന്നിവയാണ് പ്രധാന സിനിമകള്‍. 2019 ൽ പുറത്തെത്തിയ ഡ്രൈവ് ആണ് അവസാന ചിത്രം. എം എസ് ധോണി ദി അണ്‍ടോള്‍ഡ് സ്റ്റോറി, കായ് പോ ചേ എന്നീ സിനിമകളിലെ പ്രകടനം ഏറെ പുരസ്കാരങ്ങള്‍ക്ക് സുശാന്തിനെ അര്‍ഹനാക്കിയിരുന്നു.