ന്യൂഡൽഹി: പഞ്ചാബ് യൂത്ത് കോൺഗ്രസിലെ 20 ഓളം പേർ ചേർന്ന് തിങ്കളാഴ്‌ച രാവിലെ ഇന്ത്യാ ഗേറ്റ് പരിസരത്ത് ട്രാക്ടറിന് തീകൊളുത്തി. കഴിഞ്ഞയാഴ്‌ച പാർലമെന്‍റ് പാസാക്കിയ വിവാദമായ കാർഷിക ബില്ലിനെതിരെ രാജ്യത്തുടനീളമുള്ള കർഷകരും പ്രതിപക്ഷ പാർട്ടികളും നടത്തിയ പ്രതിഷേധത്തിനിടെയാണ് സംഭവം. രാവിലെ 7.42 നാണ് സംഭവം സംബന്ധിച്ച വിവരം ലഭിച്ചതെന്നും രണ്ട് ഫയർ എൻജിനുകൾ സ്ഥലത്തെത്തിച്ചതായും അഗ്നിശമന സേന ഉദ്യോഗസ്ഥർ പറഞ്ഞു. ഇക്കാര്യത്തിൽ നിയമനടപടി സ്വീകരിക്കുമെന്നും ഇതിൽ ഉൾപ്പെട്ട വ്യക്തികളെ അന്വേഷിക്കുകയാണെന്നും ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ഐഷ് സിങ്കാൽ അറിയിച്ചു.
അതേസമയം, കൃഷിയുമായി ബന്ധപ്പെട്ട മൂന്ന് ബില്ലുകളെക്കുറിച്ചും കർഷകർക്കായി ബോധവൽക്കരണ കാമ്പയിൻ നടത്താനും കർഷകരെ തെറ്റിദ്ധരിപ്പിക്കാനുള്ള പ്രതിപക്ഷ പാർട്ടികളുടെ അജണ്ടയെ പ്രതിരോധിക്കാനും ഭാരതീയ ജനതാ പാർട്ടി തീരുമാനിച്ചു. പ്രചാരണ പരിപാടികൾ നടത്തി കർഷക ബില്ലുകൾ ജനങ്ങളെ മനസ്സിലാക്കിക്കണമെന്ന് പ്രധാനമന്ത്രി പാർട്ടി അംഗങ്ങൾക്ക് നിർദേശം നൽകി.
ഏഴ് സംസ്ഥാനങ്ങളിലായി 15 ദിവസത്തേക്ക് ബോധവൽക്കരണ പരിപാടികൾ നടത്താൻ ബിജെപി തീരുമാനിച്ചു, പത്രസമ്മേളനങ്ങൾ, മീറ്റിംഗുകൾ, വെബിനാർ എന്നിവകളിലൂടെ കാർഷിക ബില്ലുകളെക്കുറിച്ചുള്ള വ്യാജ വാർത്തകൾ ഇല്ലാതാക്കാൻ പാർട്ടി ലക്ഷ്യമിടുന്നു.
പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധങ്ങള്‍ക്കിടെ പാർലമെന്‍റിന്‍റെ ഇരുസഭകളിൽ നിന്നും കർഷക ബില്ലുകൾ പാസായെങ്കിലും ബില്ലുകൾക്കെതിരെ പ്രധിഷേധവുമായി പ്രതിപക്ഷ പാർട്ടികൾ റോഡിലിറങ്ങുകയായിരുന്നു.