ന്യൂഡല്‍ഹി: ഭിന്നശേഷിക്കാർക്ക് സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ സൗകര്യങ്ങൾ ഒരുക്കിയ പഞ്ചാബിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ദേശീയ അംഗീകാരം. ദേശീയ ഇലക്ഷന്‍ കമ്മീഷന്‍റെ പുരസ്‌ക്കാരം ദേശീയ വോട്ടോഴ്‌സ് ദിനത്തില്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് പഞ്ചാബിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ എസ് കരുണ രാജുവിന് സമ്മാനിച്ചു. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരം വിതരണം ചെയ്‌തത്.
2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഭിന്നശേഷിക്കാർക്കായി സംസ്ഥാനത്ത് നടപ്പാക്കിയ സംവിധാനങ്ങൾക്കാണ് പുരസ്‌ക്കാരം. ഭിന്നഷേശിക്കാർക്കായി പ്രത്യേക മൊബൈല്‍ അപ്ലിക്കേഷന്‍ പഞ്ചാബിലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയിരുന്നു. കൂടാതെ സൗജന്യ യാത്രയും ഒരുക്കി. സംസ്ഥാനത്തെ 13 ലോക്‌സഭാ മണ്ഡലങ്ങളിലായുള്ള 23,214 ബൂത്തുകളിലും ഭിന്നശേഷിക്കാർക്കായി പ്രത്യേകം വളണ്ടിയർമാരെയും നിയോഗിച്ചിരുന്നു.