അമൃത്സര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ തനിക്ക് സീറ്റ് നിഷേധിച്ചതിന് പിന്നില്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങും പാര്‍ട്ടി ജനറല്‍ സെക്രട്ടറി ആശാ കുമാരിയുമാണെന്ന് കോൺഗ്രസ് നേതാവ് നവ്ജ്യോത് കൗർ സിദ്ദു. ലോക്സഭാ തെരഞ്ഞെടുപ്പിൽ അമൃത്സറിൽ നിന്ന് പാർട്ടി ടിക്കറ്റിൽ മത്സരിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങും പാര്‍ട്ടി ജനറല്‍ സെക്രട്ടറി ആശാ കുമാരിയും ചേര്‍ന്ന് തനിക്ക് സീറ്റ് നിഷേധിച്ചു. മാഡം സിദ്ദു എംപി ടിക്കറ്റ് അര്‍ഹിക്കുന്നില്ലെന്ന് അവര്‍ കരുതി. അമൃത്സറില്‍ താന്‍ വിജയിക്കാന്‍ സാധ്യതയില്ലെന്ന് പറഞ്ഞ് സീറ്റ് നിഷേധിച്ചു- നവ്ജ്യോത് കൗർ സിദ്ദു പറഞ്ഞു.
നുണ പറഞ്ഞ് സീറ്റ് നിഷേധിക്കുന്നതിനേക്കാള്‍ നല്ലത് നിങ്ങളെക്കാള്‍ മറ്റൊരാളാണ് മികച്ചതെന്ന് നേരിട്ട് പറയുന്നതാണ് ഭേദമെന്നും നവ്ജ്യോത് കൗർ സിദ്ദു പറഞ്ഞു. നവ്ജ്യോത് കൗർ ചണ്ഡീഗഡിൽ നിന്ന് മത്സരിക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ സീറ്റിൽ മുൻ കേന്ദ്ര മന്ത്രി പവൻ കുമാർ ബൻസാലിനെയാണ് പാര്‍ട്ടി നിര്‍ത്തിയത്. പിന്നീട് അമൃത്സറിൽ നിന്ന് കൗർ മത്സരിക്കുമെന്ന് റിപ്പോർട്ടുകളുമുണ്ടായിരുന്നു.