ഹൈദരാബാദ്: മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്തകളുടെ നേര്‍ക്കാഴ്‌ചകള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നത് ഒരു പക്ഷേ ദുരന്തമുഖത്ത് നിന്നുകൊണ്ടാവാം. ഫോട്ടോ ജേര്‍ണലിസ്റ്റുകള്‍ തങ്ങളുടെ കാമറ ലെന്‍സിലൂടെ പകര്‍ത്തുന്ന ചിത്രങ്ങള്‍ക്ക് പലപ്പോഴും അവരുടെ ജീവന്‍റെ വിലയുണ്ട്. ഹിന്ദുസ്ഥാന്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് പ്രദീപ് ഭാട്ടീയ ശ്രീനഗര്‍ പ്രതിഷേധങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടത്. കശ്‌മീരി ഫോട്ടോഗ്രാഫര്‍ മുസ്‌താഖ് അലിയും തന്‍റെ ജോലിക്കിടെ ആക്രമണത്തിന് ഇരയായ വ്യക്തയാണ്. അങ്ങനെ നിരവധി ഉദാഹരണങ്ങളുണ്ട്.
ജമ്മുകശ്‌മീര്‍ ഫോട്ടോ ജേര്‍ണലിറ്റുകളായ മുക്‌താര്‍ ഖാന്‍, ദാര്‍ യാസിന്‍, ചന്നി ആനന്ദ് എന്നിവർക്കാണ് മാധ്യമരംഗത്തെ ഏറ്റവും പ്രധാനപെട്ട പുരസ്കാരമായ പുലിറ്റ്സർ പുരസ്കാരം ലഭിച്ചത്. കശ്‌മീരിന്‍റെ പ്രത്യേക പദവി നീക്കം ചെയ്‌തതിന് ശേഷമുള്ള പ്രദേശത്തെ വര്‍ത്തമാനകാലത്തെ തുറന്ന് കാട്ടിയതിന് മാത്രമല്ല ആ ചിത്രങ്ങള്‍ എടുത്ത സാഹചര്യം കൂടി കണക്കിലെടുത്താണ് പുരസ്കാരം.
കശ്‌മീരിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ഏറ്റവും വേദനാജനകമായ നേര്‍കാഴ്‌ചയായിരുന്നു ഒരു കണ്ണ് നഷ്ടപെട്ട ആറ് വയസുകാരിയുടെ ചിത്രം. രാജ്യത്തെ ജനങ്ങളുടെ കണ്ണുനനയിച്ച ആ ചിത്രം കശ്‌മീരിലെ തെരുവുകളില്‍ അഴിഞ്ഞാടിയ സംഘര്‍ഷങ്ങളേയും കുട്ടികള്‍ അനുഭവിക്കുന്ന ദുരിതങ്ങളേയും ഓര്‍മ്മിപ്പിക്കുന്നതായിരുന്നു. വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുന്നതിനെ ചൊല്ലി വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെ തിരിച്ചുവിടുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍, സുരക്ഷാ സേനയും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിന്‍റെ അവശിഷ്ടങ്ങള്‍ വീട്ടുമുറ്റത്ത് നിന്ന് നീക്കം ചെയ്യുന്ന വീട്ടമ്മ. മുസ്ലീം മത ഗ്രന്ഥമായ ഖുറാന്‍ ഉയര്‍ത്തി പിടിച്ചുള്ള പെണ്‍കുട്ടികളുടെ പ്രതിഷേധം തുടങ്ങി കശ്‌മീരിലെ ജനജീവിതത്തിന്‍റെ നേര്‍ക്കാഴ്‌ചകള്‍ കാട്ടിത്തന്ന ചിത്രങ്ങളും അത് എടുത്ത ഫോട്ടോഗ്രാഫര്‍മാരുമാണ് പുരസ്കാരത്തിന് അർഹരായത്. പുരസ്കാര ജേതാക്കളെ അനുമോദിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയിട്ട ട്വീറ്റ് വിവാദമായിരുന്നു. ട്വീറ്റില്‍ അദ്ദേഹം ഇന്ത്യന്‍ ഫോട്ടോ ജേര്‍ണലിസ്റ്റുകളെന്നാണ് പരാമര്‍ശിച്ചത്. എന്നാല്‍ ഇന്ത്യന്‍ ജേര്‍ണലിസ്റ്റുകളാണോ കശ്‌മീരി ജേര്‍ണലിസ്റ്റുകളാണോ എന്ന ചോദ്യം പല ഭാഗത്ത് നിന്നും ഉയര്‍ന്നു. എന്നാല്‍ കശ്‌മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്‌ദുല്ല തന്‍റെ ട്വീറ്റില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കി.