പുതുച്ചേരി: പൗരത്വ നിയമ ഭേദഗതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം പുതുച്ചേരി നിയമസഭ പാസാക്കി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കുന്ന ആദ്യ കേന്ദ്ര ഭരണ പ്രദേശമാണ് പുതുച്ചേരി.
പൗരത്വ നിയമ ഭേദഗതി ചർച്ച ചെയ്യാനായി ബുധനാഴ്ച ചേർന്ന പ്രത്യേക നിയമസഭയിലാണ് പ്രമേയം അവതരിപ്പിച്ചത്. ലഫ്റ്റനന്‍റ് ഗവർണർ കിരൺ ബേദിയുടെ എതിർപ്പിനെ അവഗണിച്ചായിരുന്നു സഭ പ്രമേയം പാസാക്കിയത്. കോൺഗ്രസ്, ഡിഎംകെ അംഗങ്ങൾ പ്രമേയത്തെ അനുകൂലിച്ചപ്പോൾ എൻആർ കോൺഗ്രസ്, അണ്ണാഡിഎംകെ എംഎല്‍എമാർ വിട്ടുനിന്നു. പ്രമേയം സഭയില്‍ അവതരിപ്പിക്കരുതെന്നും ചർച്ച ചെയ്യരുതെന്നും കാണിച്ച് പ്രതിപക്ഷ എംഎല്‍എമാർ സ്‌പീക്കർക്ക് കത്ത് നല്‍കിയിരുന്നു.
മതനിരപേക്ഷതയുടെ തത്വങ്ങളെ പൂർണമായും അവഗണിക്കുന്നതാണ് പൗരത്വ നിയമ ഭേദഗതി എന്ന് പ്രമേയത്തില്‍ പറയുന്നു. നേരത്തെ കേരളം, പഞ്ചാബ്, പശ്ചിമ ബംഗാൾ, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ ബിജെപി ഇതര സംസ്ഥാനങ്ങൾ നേരത്തെ പ്രമേയം പാസാക്കിയിരുന്നു.