ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാഫ്രാബാദിലും മറ്റ് സ്ഥലങ്ങളിലും നടക്കുന്ന പ്രതിഷേധം രാഷ്ട്രീയ പ്രേരിതമാണെന്ന് ബിജെപി ഡല്‍ഹി അധ്യക്ഷന്‍ മനോജ് തിവാരി. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ രാഷ്ട്രീയ പ്രേരിത പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം അല്ലാത്തപക്ഷം അവര്‍ നിയമ നടപടി നേരിടേണ്ടിവരുമെന്നും മനോജ് തിവാരി പറഞ്ഞു. അതിനിടെ ഡല്‍ഹി നിയമസഭയിൽ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട ബിജെപി എംഎല്‍എ രാംവീർ സിങ് ബിധൂരിയെ മനോജ് തിവാരി അഭിനന്ദിച്ചു. തുടര്‍ച്ചായായി നാല് തവണ ബദർപൂരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എയാണ് രാവീര്‍.
ഇന്ന് രാവിലെ നടന്ന ബിജെപി യോഗത്തിലാണ് രാംവീർ സിങ്ങിനെ പാര്‍ട്ടിയുടെ നിയമസഭാ നേതാവും പ്രതിപക്ഷ നേതാവുമായി പ്രഖ്യാപിച്ചത്. സിഎഎയ്‌ക്കെതിരായ കലാപങ്ങളും പ്രതിഷേധങ്ങളും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മാത്രമാണ് നടക്കുന്നതെന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ ആരോപണവും മനോജ് തിവാരി നിഷേധിച്ചു. ഉദ്ദവ് താക്കറെ രാജ്യത്തെ അവസ്ഥയെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല, നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിന് ശേഷം ഒരു കലാപം പോലും രാജ്യത്തുണ്ടായിട്ടില്ലെന്നും മനോജ് തിവാരി പറഞ്ഞു.