ഇംഫാല്‍: വിവാദമായ ദേശീയ പൗരത്വ രജിസ്റ്ററിനെതിരെ മണിപ്പൂരിൽ പ്രതിഷേധം. മണിപ്പൂർ പീപ്പിൾ എഗെയിൻസ്റ്റ് സിറ്റിസൺഷിപ്പ് എന്ന സംഘടനയുടെ നേതൃത്വത്തിലാണ് പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചത്. മനുഷ്യ ചങ്ങല നിര്‍മിച്ചും ഉച്ചത്തിൽ മണി മുഴക്കിയുമായിരുന്നു പ്രതിഷേധം. സ്‌കൂൾ, കോളജ് വിദ്യാർഥികളും വനിതകളും ഉൾപ്പടെ നിരവധി പേരാണ് പ്രതിഷേധ സൂചകമായി തീര്‍ത്ത മനുഷ്യച്ചങ്ങലയില്‍ അണിനിരന്നത്.
വടക്ക് കിഴക്കൻ പ്രദേശങ്ങളിലെ ജനങ്ങളുടെ നിലനില്‍പ്പിന് ദേശീയ പൗരത്വ രജിസ്റ്റര്‍ കടുത്ത ഭീഷണിയാണ് ഉയര്‍ത്തുന്നത്. ദേശീയ പൗരത്വ രജിസ്റ്റര്‍ പ്രകാരം പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാന്‍, ബംഗ്ലാദേശ് ഉൾപ്പെടെയുള്ള അയൽ രാജ്യങ്ങളിൽ നിന്നുള്ള മുസ്ലിം ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം അനുവദിക്കും. ഇത് മണിപ്പൂര്‍ ഉൾപ്പടെയുള്ള വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ തദ്ദേശീയ ജനതയെ പ്രതികൂലമായി ബാധിക്കും. ദേശീയ പൗരത്വ രജിസ്റ്ററിനെതിരെ ശക്തമായ പ്രതിഷേധമാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നത്.