ലഖ്‌നൗ: അച്ചടക്ക പ്രശ്‌നങ്ങളിൽ ഉത്തർപ്രദേശ് സർക്കാർ സസ്പെൻഡ് ചെയ്ത സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് വിനീത് ഉപാധ്യായക്കെതിരെ അന്വേഷണം ആരംഭിച്ചു. അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ അവിശുദ്ധ ബന്ധം ആരോപിച്ച് പ്രതാപ്ഗഡ് ജില്ലാ മജിസ്‌ട്രേറ്റിന്‍റെ വസതിക്ക് പുറത്ത് പ്രതിഷേധം നടത്തിയതിനെ തുടർന്നാണ് ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്. വിനീത് ഉപാധ്യായയെ പ്രയാഗ്‌രാജ് റവന്യൂ ബോർഡുമായി ബന്ധപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹത്തിനെതിരായ ആരോപണങ്ങളെക്കുറിച്ച് പ്രയാഗ്‌രാജ് കമ്മിഷണർ അന്വേഷണം നടത്തുമെന്നും വൃത്തങ്ങൾ അറിയിച്ചു.
ഇപ്പോഴത്തെ എസ്‌ഡിഎം മോഹൻലാൽ ഗുപ്ത പാർപ്പിട, കാർഷിക ആവശ്യങ്ങൾക്കായി അനധികൃതമായി ഭൂമി കൈവശപ്പെടുത്തിയെന്നും ഉപാധ്യായ ആരോപിച്ചിരുന്നു. ലാൽഗഞ്ചിലെ ധാദുവ ഗജനിൽ ഭൂമാഫിയയെക്കുറിച്ചും അദ്ദേഹം ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. എ.ഡി.എം (ധനകാര്യ, റവന്യൂ) ശത്രുഗൻ വൈശ്യ അഴിമതിയിൽ പങ്കാളിയാണെന്നും ഇത് റിപ്പോർട്ടിൽ എഴുതിയിട്ടുണ്ടെന്നും ഡി.എം.രൂപേഷ് കുമാർ അവരെ സംരക്ഷിക്കാൻ ശ്രമം നടത്തുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു.