ന്യൂഡൽഹി: വാരാണസിയിലെ നെയ്‌ത്തുകാരുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്ത് നൽകി. പുതിയ നിരക്കിൽ വൈദ്യുതി ഈടാക്കിയതിനെത്തുടർന്ന് നെയ്ത്തുകാർ ദുരിതമനുഭവിക്കുകയാണ്. യുപിഎ സർക്കാരിന്‍റെ സമയത്തെ വൈദ്യുതി നിരക്ക് ഏർപ്പെടുത്തണമെന്ന് പ്രിയങ്കാ ഗാന്ധി കത്തിൽ ആവശ്യപ്പെട്ടു. ലോകത്തിലെ പ്രധാനപ്പെട്ട ബനാറസ് സിൽക്ക് സാരി നിർമിതാക്കൾ ബുദ്ധിമുട്ടിലാണെന്നും കൊവിഡ് കാലത്തെ കേന്ദ്ര സർക്കാരിന്‍റെ തെറ്റായ നയങ്ങൾ മൂലമാണ് ബിസിനസ് മോശമായതെന്നും പ്രിയങ്ക വ്യക്തമാക്കി.
ഉത്തർ പ്രദേശിനെ ലോക പ്രശസ്‌തമാക്കിയ ഈ തൊഴിലാളികളെ സർക്കാർ സംരക്ഷിക്കണമെന്നും പ്രിയങ്ക കത്തിൽ പറയുന്നു. വൈദ്യുതി ചാർജ് കുറക്കണമെന്നും വൈദ്യുതി ബിൽ അടക്കാത്തവർക്ക് എതിരെ നടക്കുന്ന നിരന്തരമായ ബുദ്ധിമുട്ടിക്കൽ ഒഴിവാക്കണമെന്നും വൈദ്യുതി കണക്ഷൻ വിച്ഛേദിക്കരുതെന്നുമാണ് തൊഴിലാളികൾ ഉന്നയിക്കുന്ന ആവശ്യം. വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചവർക്ക് തിരികെ കണക്ഷൻ നൽകണമെന്നും കത്തിൽ പ്രിയങ്കാ ഗാന്ധി ആവശ്യപ്പെടുന്നു. വിഷയം പരിഗണിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കത്തിൽ പ്രിയങ്ക ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്‌സഭാ മണ്ഡലമാണ് വാരാണസി.