പ്രധാനമന്ത്രി നരേന്ദ്രമോദി തിരുപ്പതിയിൽ ദർശനം നടത്തി. രണ്ടാമതും പ്രധാനമന്ത്രി സ്ഥാനത്ത് എത്തിയതിന് ശേഷമുള്ള മോദിയുടെ ആദ്യ തിരുപ്പതി സന്ദര്‍ശനമാണിത്. ആന്ധ്രാപ്രദേശ് ഗവര്‍ണര്‍ ഇഎസ്എല്‍ നരസിംഹന്‍, മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി, കേന്ദ്രമന്ത്രി ജി കൃഷ്ണന്‍ റെഡ്ഡി, ബിജെപി നേതാക്കള്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രധാനമന്ത്രിയെ വിമാനത്താവളത്തില്‍ സ്വീകരിച്ചത്. തിരുപ്പതിയിൽ വരാനുളള ഭാഗ്യം ഇതിന് മുമ്പും ഉണ്ടായിട്ടുണ്ടെന്നും പുതിയ സർക്കാരിന്‍റെ രൂപീകരണത്തിന് ശേഷം വെങ്കിടേശ്വരന്‍റെ അനുഗ്രഹത്തിനായാണ് ഇവിടെ വന്നതെന്നും മോദി പറഞ്ഞു. ദൈവം എല്ലാവരെയും അനുഗ്രഹിക്കണമെന്നാണ് തന്‍റെ ആഗ്രഹമെന്നും എങ്കിൽ മാത്രമേ 130 കോടി ഇന്ത്യക്കാരുടെയും ആഗ്രഹസാഫല്യത്തിനായി പ്രവർത്തിക്കാൻ കഴിയുകയുള്ളു എന്നും തിരുപ്പതിയിൽ നടന്ന പൊതുയോഗത്തിൽ മോദി പറഞ്ഞു.
ജനാധിപത്യത്തിന്‍റെ ഉത്സവമായ തെരഞ്ഞെടുപ്പിൽ പങ്കെടുത്തതിന് ആന്ധ്രപ്രദേശിലും തമിഴ്നാട്ടിലുമുള്ള ജനങ്ങൾക്ക് നന്ദിപറയുകയാണ്, ഞങ്ങൾ വിജയിച്ചോ ഇല്ലയോ എന്നത് അപ്രസക്തമാണ്, ഞങ്ങൾ ജനങ്ങളെ സേവിക്കാൻ ആഗ്രഹിക്കുന്നു, ജനാധിപത്യത്തെ ഉയർത്തിപ്പിടിക്കാൻ സഹായിച്ച ജനങ്ങൾക്ക് നന്ദി അറിയിക്കുന്നു. രാജ്യത്തെ ജനങ്ങൾക്ക് സുരക്ഷ നൽകുന്നതിന് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്, ഇത് തന്നെയാണ് രാജ്യത്തെ എല്ലാ ബിജെപി പ്രവർത്തകരുടെയും ഉത്തരവാദിത്തവും. ആന്ധ്രാപ്രദേശിലെയും, തമിഴ്നാട്ടിലെയും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുമെന്നും ജഗൻമോഹൻ റെഡ്ഡിക്ക് എല്ലാ ആശംസകളും നൽകുന്നതായും മോദി പറഞ്ഞു.