ചെന്നൈ\ ന്യൂഡല്‍ഹി: മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ കെ.താഹില്‍രമണിയുടെ രാജി രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് അംഗീകരിച്ചു. മദ്രാസ് ഹൈക്കോടതിയില്‍ നിന്ന് മേഘാലയ ഹൈക്കോടതിലേക്ക് സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ചായിരുന്നു രാജി. ഇന്നലെ രാത്രിയോടെ രാജി അംഗീകരിച്ചതായി കേന്ദ്ര നിയമമന്ത്രാലയം വിജ്ഞാപനം പുറത്തുവിട്ടു. ജസ്റ്റിസ് വിനീത് കോത്താരിയെ മദ്രാസ് ഹൈക്കോടതി ആക്‌ടിങ് ചീഫ് ജസ്റ്റിസായി നിയമിക്കുകയും ചെയ്‌തു.
മേഘാലയ ചീഫ് ജസ്റ്റിസാക്കി കൊണ്ടുള്ള സ്ഥലംമാറ്റം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി കൊളീജിയത്തെ വിജയ കെ.താഹില്‍രമണി സമീപിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം കൊളീജിയം തള്ളി. ഇതിനെ തുടര്‍ന്നാണ് രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന് സെപ്റ്റംബര്‍ ഏഴിന് രാജി സമര്‍പ്പിച്ചത്. 2020 വരെ സർവീസുണ്ടായിരിക്കെയാണ് രാജ്യത്തെ മുതിർന്ന വനിതാ ന്യായാധിപയായ വിജയ കെ. താഹില്‍രമണി രാജിവച്ചൊഴിയുന്നത്. വിജയയെ രാജ്യത്തെ മുൻനിര ഹൈക്കോടതിയില്‍ നിന്ന് രാജ്യത്തെ ചെറിയ ഹൈക്കോടതികളിലൊന്നായ മേഘാലയയിലേക്ക് സ്ഥലം മാറ്റിയത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു.