ന്യൂഡൽഹി: ന്യൂസിലാന്‍റ്, യുണൈറ്റഡ് കിംഗ്ഡം, ഉസ്ബെക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള മിഷൻ മേധാവികളിൽ നിന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് യോഗ്യതാ പത്രം സ്വീകരിച്ചു. വീഡിയോ കോൺഫറൻസ് വഴിയാണ് അവതരണം നടന്നത്. കൊവിഡ് പശ്ചാത്തലത്തിൽ ഇത് രണ്ടാം തവണയാണ് രാഷ്ട്രപതി ഭവനിൽ വീഡിയോ കോൺഫറൻസിലൂടെ യോഗ്യതാ പത്രാവതരണം നടത്തുന്നത്.
ന്യൂസിലാന്‍റ് ഹൈക്കമ്മീഷണർ ഡേവിഡ് പൈൻ, യുണൈറ്റഡ് കിംഗ്ഡം ഹൈക്കമ്മീഷണർ ഫിലിപ്പ് ബാർട്ടൻ, ഉസ്ബെക്കിസ്ഥാൻ അംബാസഡർ അഖതോവ് ദിൽഷോഡ് ഖാമിഡോവിച്ച് എന്നിവർ യോഗ്യതാപത്രങ്ങൾ അവതരിപ്പിച്ചു. മെയ് 21ന് വീഡിയോ കോൺഫറൻസിലൂടെ ഉത്തരകൊറിയ, സെനഗൽ, ട്രിനിഡാഡ്, ടൊബാഗോ, മൗറീഷ്യസ്, ഓസ്‌ട്രേലിയ, കോട്ട് ഡി ഐവയർ, റുവാണ്ട എന്നീ ഏഴ് രാജ്യങ്ങളിലെ അംബാസഡർമാരിൽ നിന്നും ഹൈക്കമ്മീഷണർമാരിൽ നിന്നും രാഷ്ട്രപതി യോഗ്യതാപത്രങ്ങൾ സ്വീകരിച്ചിരുന്നു.