ഹൈദരാബാദ്: പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ബലാത്സംഗ കേസ് പ്രതികളുടെ മൃതദേഹം വെള്ളിയാഴ്ച വരെ സംസ്കരിക്കരുതെന്ന് തെലങ്കാന ഹൈക്കോടതിയുടെ ഉത്തരവ്. കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ തെലങ്കാന സര്‍ക്കാര്‍ വ്യാഴാഴ്ച വരെ സമയം തേടി. ഹർജിയിൽ കൂടുതൽ വാദം കേൾക്കുന്നതിനായി ഡിസംബർ പന്ത്രണ്ടിലേക്ക് മാറ്റിവെച്ചു. മൃതദേഹങ്ങൾ ഗാന്ധി മെഡിക്കൽ കോളജിലേക്ക് മാറ്റണമെന്നും ഡിസംബർ 13 വരെ അവിടെ സൂക്ഷിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
പൊലീസ് വെടിവെപ്പ് അന്വേഷിക്കാന്‍ തെലങ്കാന സര്‍ക്കാര്‍ പ്രത്യേക സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്. രച്ചക്കൊണ്ട പൊലീസ് കമ്മീഷണര്‍ മഹേഷ് എം. ഭാഗവത് നേതൃത്വം കൊടുക്കുന്ന സംഘത്തില്‍ എട്ട് പേരാണുള്ളത്.
അതേസമയം ഏറ്റുമുട്ടല്‍ കൊലപാതകത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി. കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി.
മുഹമ്മദ് ആരിഫ്, നവീന്‍, ശിവ, ചെന്നകേശവലു എന്നിവരാണ് ഡിസംബര്‍ ആറിന് രാവിലെ പൊലീസിന്‍റെ വെടിയേറ്റ് മരിച്ചത്. നവംബര്‍ 27 ന് രാത്രിയാണ് നാല് പ്രതികളും ചേര്‍ന്ന് മൃഗ ഡോക്‌ടറെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം കൊല്ലപ്പെടുത്തിയത്. പിന്നീട് ഇവര്‍ മൃതദേഹം കത്തിക്കുകയും ചെയ്‌തു. പിറ്റേ ദിവസം രാവിലെ ഷംഷാബാദില്‍ നിന്നാണ് യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം പൊലീസ് കണ്ടെടുക്കുന്നത്. അതേ സ്ഥലത്തു തന്നെയാണ് കേസിലെ നാല് പ്രതികളും പൊലീസിന്‍റെ വെടിയേറ്റ് മരിച്ചത്.