ഷില്ലോങ്: കൊവിഡ് ബാധിതരല്ലാത്ത ഇതര സംസ്ഥാനക്കാർക്ക് അത്യാവശ്യ ചികിത്സകൾ നൽകാൻ ഇന്ദിരാഗാന്ധി റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് മെഡിക്കൽ സയൻസസ് തീരുമാനിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ നിർദേശപ്രകാരമാണ് തീരുമാനമെന്നും കൊവിഡ് രോഗത്തിൽ നിന്ന് രാജ്യം പൂർണമായും മോചനം നേടുന്നതുവരെ തീരുമാനം തുടരുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു
ഗുരുതരമായ മറ്റ് രോഗങ്ങൾ ബാധിച്ച രോഗിക്ക് ബന്ധപ്പെട്ട സംസ്ഥാന ആരോഗ്യ അധികാരികൾ നൽകിയ സാക്ഷ്യപത്രത്തിന്‍റെ അടിസ്ഥാനത്തിൽ ചികിത്സ നൽകും. രോഗിക്ക് കൂട്ടായി ഒരാളെ മാത്രമെ അനുദിക്കുകയുള്ളൂവെന്നും അയാൾ 14 ദിസത്തെ നിരീക്ഷണത്തിന് വിധേയനായിരിക്കണമെന്നും നിർദേശമുണ്ട്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അസം, മണിപ്പൂർ, മിസോറം, നാഗാലാന്‍റ്, ത്രിപുര, അരുണാചൽ പ്രദേശ്, സിക്കിം എന്നിവിടങ്ങളിൽ നിന്നും നിരവധി പേരാണ് ഇന്ദിരാഗാന്ധി റീജിയണൽ ഇൻസ്റ്റിറ്റ്യൂറ്റിലേക്ക് ചികിത്സ തേടിയെത്തുന്നത്. അതിനാൽ ഈ സംസ്ഥാനങ്ങളിലെല്ലാം അറിയിപ്പ് നൽകിയിട്ടുണ്ടെന്ന് ചീഫ് സെക്രട്ടറി എം.എസ് റാവു പറഞ്ഞു. മേഘാലയയിൽ ഇതുവരെയും പോസിറ്റീവ് കേസുകളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല.