ശ്രീനഗർ: ആർട്ടിക്കിൾ 370 റദ്ദാക്കിക്കൊണ്ട് ജമ്മു കശ്‌മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെ, കശ്‌മീരിൽ ഭൂമി വാങ്ങാൻ തയ്യാറെടുത്ത് ഇന്ത്യൻ സൈന്യം. ക്യാമ്പുകൾ സ്ഥാപിക്കാനായി വടക്കൻ കശ്മീരിലെ പട്ടാൻ പ്രദേശത്തുള്ള ക്രീറിയിലെ ഉയർന്ന ഭൂമി സ്വന്തമാക്കാനായാണ് കരസേന തീരുമാനിച്ചിരിക്കുന്നത്. ഇതിനായി ഇന്ത്യൻ സൈന്യം ബാരാമുല്ല അധികാരികളെ സമീപിച്ചുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇവിടുത്തെ 129 കനാൽ (6.5 ഹെക്ടർ) സ്ഥലമാണ് സൈന്യം വാങ്ങാൻ താൽപര്യപ്പെടുന്നത്. സൈനികർ താൽക്കാലികമായി നിലയുറപ്പിച്ചിട്ടുള്ള ഭൂമി കൂടിയാണിത്.
ഭൂമി വാങ്ങാനുള്ള താൽപര്യം പ്രകടിപ്പിച്ച് 19 കാലാൾപ്പട ഡിവിഷൻ ഓർഡിനൻസ് യൂണിറ്റിലെ കമാൻഡിംഗ് ഓഫീസർ ജില്ലാ ഭരണകൂടത്തിന് കത്തയച്ചിരുന്നു. ഇന്ത്യൻ സൈന്യത്തിന് ഭൂമി വിൽക്കാൻ തയ്യാറാണോ എന്നതിന് ഭരണകൂടത്തോട് ഇന്ന് മറുപടി നൽകാനും കത്തിൽ അഭ്യർഥിക്കുന്നുണ്ട്. ഇതാദ്യമായാണ് കശ്‌മീരില്‍ ഭൂമി വാങ്ങുന്നതിനായി സൈന്യം ബന്ധപ്പെട്ട അധികാരികൾക്ക് കത്തെഴുതുന്നത്.