ന്യൂഡൽഹി: പട്ടാളക്യാമ്പുകളുടെ പരിസരത്ത് താമസിക്കുന്ന ഭൂരിഭാഗം ആളുകളും ദരിദ്രരാണെന്നും ഇവർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാവുന്നില്ലെന്ന് കന്‍റോൺമെന്‍റ് ബോർഡുകൾ ഉറപ്പാക്കണമെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. കന്‍റോൺമെന്‍റ് ബോർഡാണ് ഈ പ്രദേശങ്ങളിൽ ആരോഗ്യം, ശുചിത്വം, പ്രാഥമിക വിദ്യാഭ്യാസം തുടങ്ങിയ പൊതു സേവനങ്ങൾ നൽകുന്നത്.
"കന്‍റോൺമെന്‍റുകളിൽ താമസിക്കുന്ന ഭൂരിഭാഗം ആളുകളും അങ്ങേയറ്റം ദരിദ്രരാണ്. നിങ്ങളുടെ പെരുമാറ്റം അവരെ ഭയപ്പെടുത്തുന്നതാകരുതെന്ന് ഞാൻ അഭ്യർഥിക്കുന്നു. കന്‍റോൺമെന്‍റ് ബോർഡുകൾക്ക് 'അവാർഡ് ഫോർ എക്‌സലൻസ് 2019' നൽകിയതിന് ശേഷം നടത്തിയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ക്യാമ്പ് പരിധിയിൽ സഹായം ആവശ്യപ്പെട്ട് പ്രദേശവാസികൾ എത്തുകയാണെങ്കിൽ അവർക്ക് സംരക്ഷണം ലഭിക്കുമെന്ന വിശ്വാസം അവർക്ക് ഉണ്ടായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡയറക്ടറേറ്റ് ജനറൽ ഓഫ് ഡിഫൻസ് എസ്റ്റേറ്റ്സിന്‍റെ (ഡിജിഡിഇ) കീഴിലാണ് കന്‍റോൺമെന്‍റ് ബോർഡുകൾ പ്രവർത്തിക്കുന്നത്. ദീപ ബജ്‌വയാണ് നിലവിൽ ഡിജിഡിഇയിലെ എസ്റ്റേറ്റ്സ് ഡയറക്ടർ ജനറൽ.