പുതുച്ചേരി: ചൊവ്വാഴ്ച രാത്രി മുതല്‍ മാര്‍ച്ച് 31 വരെ പുതുച്ചേരിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വീടുകളില്‍ നിന്നും ആരും പുറത്തിറങ്ങരുതെന്നാണ് മുഖ്യമന്ത്രി വി.നാരായണ സ്വാമിയുടെ നിര്‍ദേശം. അടിയന്തര സാഹചര്യങ്ങളില്‍ മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വാഹനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുതുച്ചേരിയില്‍ ഇതുവരെ ഒരു കേസ് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മാഹിയിലാണ് കൊവിഡ് 19 കേസ് സ്ഥിരീകരിച്ചത്. എല്ലാ ബാറുകളും മദ്യവില്‍പ്പന ശാലകളും വൈകുന്നേരം ആറു മണിമുതല്‍ അടച്ചിടും.
ആരെങ്കിലും കൊവിഡ് 19 ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചാല്‍ അവരെ ചികിത്സിക്കുന്നതിനായി ഇ.എസ്.ഐ ആശുപത്രികള്‍ സജ്ജമാക്കി. പച്ചക്കറികള്‍, മരുന്നുകള്‍, പാല്‍, അവശ്യ വസ്തുക്കള്‍ എന്നിവ ലഭ്യമാകും. പെട്രോള്‍ പമ്പുകള്‍, എല്‍പിജി ഡീലര്‍മാര്‍ എന്നിവയുടെ ചില്ലറ വില്‍പ്പന ശാലകളും പതിവു പോലെ വ്യാപാരം നടത്തും. മറ്റ് കടകളിലും സ്ഥാപനങ്ങളിലും കര്‍ശന ജാഗ്രത പാലിക്കും.
മറ്റ് സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ ഈ മാസം അവസാനം വരെ അടച്ചിടുമെന്ന് അദ്ദേഹം പറഞ്ഞു. മറ്റ് ബിസിനസുകള്‍ എല്ലാം നിര്‍ത്തിവെക്കണം. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. മതപരമായതും അല്ലാത്തതുമായ പൊതു ചടങ്ങുകളെല്ലാം നിര്‍ത്തി വെക്കണം. ശവസംസ്കാര ചടങ്ങുകള്‍ മൂന്ന് മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കണം. കൂടുതള്‍ ആളുകള്‍ ഈ ചടങ്ങുകളിലൊന്നിലും ഒത്തു കൂടരുത്. അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ.