ന്യൂഡൽഹി: മലിനീകരണ പ്രശ്‌നം ഒരു ദിവസം കൊണ്ട് പരിഹരിക്കാനാവില്ലെന്നും നിരന്തര പരിശ്രമത്തിലൂടെ മാത്രമേ അത് സാധിക്കൂവെന്നും കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ. ഗതാഗതം, വ്യവസായങ്ങൾ, മാലിന്യങ്ങൾ, പൊടി, ധാന്യം കൊയ്ത ശേഷം അവശേഷിക്കുന്ന മാലന്യങ്ങൾ കത്തിക്കുന്നത്, ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ, കാലാവസ്ഥ എന്നിവയാണ് രാജ്യത്തെ അന്തരീക്ഷ മലിനീകരണത്തിന് കാരണമെന്ന് മന്ത്രി പറഞ്ഞു. ഫെയ്‌സ്ബുക്ക് ലൈവിലൂടെ ജനങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇലക്ട്രിക് വാഹനങ്ങൾ ജനപ്രിയമാവുകയാണെന്നും നിലവിൽ രണ്ട് ലക്ഷത്തിലധികം ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യയിൽ ഉപയോഗിക്കുന്നുണ്ടെന്നും ജാവദേക്കർ പറഞ്ഞു. താൻ ഇലക്ട്രിക് വാഹനം ഉപയോഗിക്കുന്ന ആളാണെന്നും ഇത് തന്‍റെ വീട്ടിലാണ് ചാർജ് ചെയ്യുന്നതെന്നും താൻ ഇലക്ട്രിക് സ്കൂട്ടറിൽ യാത്ര ചെയ്യാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. മലിനീകരണം തടയുന്നതിനായി സർക്കാർ ബിഎസ്‌വിഐ ഇന്ധനം അവതരിപ്പിച്ചതായും വാഹന മലിനീകരണം കുറയ്ക്കുന്നതിനായി മെട്രോ, ഇ-ബസ് എന്നിവയുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ മോശം വായു ദിനങ്ങളുടെ എണ്ണം 2016 ൽ 250 ആയിരുന്നെന്നും 2019 ൽ അത് 180 ആയി കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞു.