തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിൽ സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് പെൺകുട്ടികളെ വലയിലാക്കി പീഡിപ്പിക്കുന്ന സംഭവത്തില്‍ അന്വേഷണം സിബിസിഐഡിക്ക് കൈമാറി. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ ആണ് അന്വേഷണം കൈമാറുന്നത്. അണ്ണാ ഡിഎംകെ പ്രാദേശിക നേതാവ് നാഗരാജൻ, തിരുന്നാവക്കരശന്‍, ശബരിരാജന്‍, സതീഷ്, വസന്തകുമാര്‍ എന്നിവരുൾപ്പെടെ എട്ട് പേരാണ് അറസ്റ്റിലായിട്ടുള്ളത്. കേസില്‍ രാഷ്ട്രീയ ഇടപെടലുണ്ടാകുന്നുവെന്നാരോപിച്ച് ഡിഎംകെ രംഗത്തെത്തിയിട്ടുണ്ട്.
സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കി പെൺകുട്ടികളെ പരിചയപ്പെട്ട് വലയിലാക്കുകയാണ് സംഘത്തിന്റെ പതിവ്. സ്ത്രീകളുടെ തന്നെ പേരില്‍ വ്യാജ പ്രൊഫൈലുണ്ടാക്കിയാണ് പ്രതികള്‍ ഫേസ്ബുക്കിലൂടെ പെണ്‍കുട്ടികളെ പരിചയപ്പെടുന്നത്. പൊള്ളാച്ചി സ്വദേശിയായ കോളേജ് വിദ്യാര്‍ഥിനിയുടെ പരാതിയിലാണ് സംഭവം പുറംലോകം അറിഞ്ഞത്. പൊള്ളാച്ചി സ്വദേശി തിരുന്നാവക്കരശനാണ് പരാതിക്കാരിയായ പെണ്‍കുട്ടിയുമായി സൗഹൃദത്തിലായത്. സംസാരിക്കാനെന്ന് പറഞ്ഞ് വിളിച്ച് വരുത്തിയ പെണ്‍കുട്ടിയെ കാറില്‍ വച്ച് പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. പിന്നീട് വഴിയില്‍ ഉപേക്ഷിച്ചു. പെണ്‍കുട്ടി സഹോദരനോട് കാര്യങ്ങള്‍ തുറന്ന് പറഞ്ഞതോടെയാണ് പൊലീസിന് പരാതി നൽകിയത്.
ഇവരുടെ പക്കല്‍ നിന്നും പിടികൂടിയ മൊബൈല്‍ഫോണില്‍ സമാനമായ രീതിയില്‍ നിരവധി പെണ്‍കുട്ടികളുടെ ചിത്രങ്ങളും ദൃശ്യങ്ങളും കണ്ടെത്തി. അറുപതോളം പെൺകുട്ടികളെ ഇവർ പീഡിപ്പിച്ചതായാണ് പൊലീസ് നൽകുന്ന വിവരം. അതേ സമയം പ്രതികളെ പ്രദേശവാസികൾ മർദ്ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.