ഹൈദരാബാദ്: ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷന് കീഴിൽ വരുന്ന ഓരോ കുടുംബങ്ങൾക്കും ഡിസംബർ മാസം മുതൽ പ്രതിമാസം 20,000 ലിറ്റർ സൗജന്യ കുടിവെള്ളം ലഭ്യമാക്കുമെന്ന് കെ ചന്ദ്രശേഖർ. പദ്ധതി മറ്റ് കോർപറേഷനുകളിലേക്കും മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത് തലങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് ടിആർഎസ് പുറത്തിറക്കിയ തെരഞ്ഞെടുപ്പ് പത്രികയിൽ പറയുന്നു.
ഡൽഹിക്ക് ശേഷം സൗജന്യ കുടിവെള്ളം വിതരണം ചെയ്യുന്ന രണ്ടാമത്തെ നഗരമാണ് ഹൈദരാബാദ് എന്നും പദ്ധതിയിലൂടെ നഗരത്തിലെ 97 ശതമാനം ആളുകൾക്കും കുടിവെളളം ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിയുടെ ഒന്നാമത്തെ ഘട്ടമാണിതെന്നും 24 മണിക്കൂറിൽ കുടിവെളളം വിതരണം ചെയ്യുന്ന രീതിയിലേക്ക് പദ്ധതി വിപുലീകരിക്കണമെന്നും റാവു പറഞ്ഞു.
ഡിസംബർ ഒന്നിന് നടക്കുന്ന തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ഡിസംബർ നാലിന് നടക്കും. സർക്കാർ 650 കോടി രൂപയാണ് വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി ചെലവഴിച്ചതെന്നും കൂടുതൽ ആളുകളിലേക്ക് എത്തിച്ചേരാൻ കൂടുതൽ ഫണ്ട് നൽകുമെന്നും റാവു പറഞ്ഞു. രാജ്യത്തെ നേരായ രീതിയിലേക്ക് നയിക്കാൻ കോൺഗ്രസിനും ബിജെപിക്കും കഴിയുന്നില്ലെന്നും കുറ്റപ്പെടുത്തി. ഇരുപാർട്ടികളുടെയും ഭരണം പരാജയമായിരുന്നുവെന്നും ജിഡിപി 24 ശതമാനമായി ഇടിഞ്ഞെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.