മെയ് മുപ്പതിനകം രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതി. തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ ( കടപ്പത്ര പദ്ധതി ) സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അസോസിയേറ്റ് ഫോര്‍ ഡെമോക്രാറ്റിക്ക് റിഫോംസ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഉള്‍പ്പെടുന്ന മൂന്നംഗ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. മോദി സര്‍ക്കാരിന് കോര്‍പറേറ്റ് ഫണ്ടുകള്‍ ലഭിക്കുന്നതിനുള്ള മാര്‍ഗമാണ് തെരഞ്ഞെടുപ്പ് ബോണ്ടെന്നും ഇത് കൈപ്പറ്റുന്നതിനുള്ള വ്യവസ്ഥകൾ ദുരൂഹമാണെന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ വരുമാനം എന്താണെന്ന് വ്യക്തമാക്കണമെന്നും ആണ് ഹര്‍ജിയില്‍ പറയുന്നത്. എന്നാല്‍ ബോണ്ട് സ്റ്റേ ചെയ്യാന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി അറിയിച്ചു. അതോടൊപ്പം രാഷ്ട്രീയ പാർട്ടികൾ പണത്തിന്‍റെ ഉറവിടം വ്യക്തമാക്കണം എന്നും കോടതി നിർദ്ദേശിച്ചു.
അറ്റോർണി ജനറൽ കെ കെ വേണുഗോപാലാണ് കേന്ദ്ര സര്‍ക്കാരിനായി കേസില്‍ ഹാജരായത്. ദാതാക്കളുടെ തിരിച്ചറിയൽ അജ്ഞാതമാണെങ്കിൽ കറുത്ത പണം ഇല്ലാതാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്‍റെ മുഴുവൻ പ്രയത്നവും നിഷ്ഫലമായിരിക്കുമെന്നും കറുത്ത പണം വെളുത്തതായി മാറുമെന്നും സര്‍ക്കാരിനെതിരെ കോടതി വിമര്‍ശനം ഉന്നയിച്ചു.