ബെംഗളൂരു: ബെംഗളൂരുവിൽ നടക്കാനിരിക്കുന്ന ട്രാക്ടർ റാലി തടയാൻ ട്രാക്ടറകൾ പിടിച്ചെടുത്ത് കർണാടക പൊലീസ്. കാർഷിക നിയമത്തിൽ പ്രതിഷേധിച്ച് മഹാരാജ കോളജ് മൈതാനത്ത് പ്രതിഷേധിക്കാനെത്തിയ ട്രാക്ടറുകളാണ് പൊലീസ് പിടിച്ചെടുത്തത്. ദേശിയപാതയിലൂടെ ബെംഗളൂരുവിൽ കടക്കാൻ ശ്രമിക്കുന്നതിനിടെ ട്രാക്ടർ പിടിച്ചെടുത്ത് ഉടമകളെ തിരിച്ചയച്ചു.
കോലാർ ജില്ലയിൽ നിന്ന് എത്തുന്ന ട്രാക്ടറുകളെയും കർഷകരെയും തടയുന്നതിനായി ബെംഗളൂരുവിലെ ഗ്രാമീണ ജില്ലയായ ഹൊസാകോട്ടിലെ ടോളിന് സമീപത്ത് പൊലീസ് തമ്പടിച്ചിട്ടുണ്ട്.
ഹൊസാകോട്ട സ്റ്റേഷൻ, അവലഹള്ളി സ്റ്റേഷൻ, കെ.ആർ. പുരാ സ്റ്റേഷൻ തുടങ്ങിയ ഇടങ്ങളിൽ ഇന്നലെ മുതൽ തന്നെ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. നഗരത്തിന് പുറത്ത് നിന്ന് എത്തുന്ന വാഹനങ്ങൾ തടയാൻ ഹൊസാകോട്ട് ടോൾ, കറ്റം നല്ലൂർ ഗേറ്റ്, മേഡഹള്ളി, കിറ്റഗനൂർ എന്നിവിടങ്ങളിൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
കർഷകരുടെ റാലി തടയുന്നതിനായി കർണാടകയുടെ വിവിധ ഇടങ്ങളിൽ കനത്ത സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.