ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധ രൂക്ഷമായ സാഹചര്യത്തില്‍ മുന്‍കരുതലുകൾ എടുത്തതായി പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) അറിയിച്ചു. അടുത്ത രണ്ട് മാസത്തേക്ക് രോഗം പടരാതിരിക്കാൻ ഇന്ത്യ പൂർണമായും സജ്ജമാണെന്ന് പിഎംഒ അറിയിച്ചു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ.ഹര്‍ഷവര്‍ദ്ധന്‍ ചെയര്‍മാനായ യോഗത്തില്‍ സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരി, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, മറ്റ് കേന്ദ്ര മന്ത്രിമാരായ നിത്യാനന്ദ് റായ്, മൻസുഖ് മണ്ഡാവിയ, അശ്വിനി കുമാർ ചൗബെ എന്നിവർ പങ്കെടുത്തു. എല്ലാ സംസ്ഥാനങ്ങളും അതീവ ജാഗ്രത പാലിച്ചിട്ടുണ്ടെന്നും ചൈന, സിംഗപ്പൂർ, തായ്‌ലന്‍റ്, ദക്ഷിണ കൊറിയ, ജപ്പാൻ എന്നിവിടങ്ങളിൽ നിന്ന് അടുത്തിടെ വന്ന 15991 പേർക്ക് കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
48206 കേസുകൾ രജിസ്റ്റർ ചെയ്ത കൊറോണ വൈറസ് ബാധയില്‍ ചൈനയിൽ 1310 പേർ മരിച്ചു. ജപ്പാൻ തീരത്തുള്ള ബ്രിട്ടീഷ് ക്രൂയിസ് കപ്പലിലുണ്ടായിരുന്ന രണ്ട് ഇന്ത്യക്കാര്‍ക്ക് കോറോണ വൈറസ് ബാധിച്ചതായി കണ്ടെത്തിയെന്നും ഡോ. ഹർഷ് വർധൻ അറിയിച്ചു. ജാപ്പനീസ് സർക്കാർ അവരെ ആശുപത്രിയിലെത്തിച്ചതായും ഡോ. ഹർഷ് വർധൻ പറഞ്ഞു. 132 ക്രൂ അംഗങ്ങളും 6 യാത്രക്കാരുമടക്കം 138 ഇന്ത്യക്കാരായിരുന്നു കപ്പലിലുണ്ടായിരുന്നത്.
സാമ്പിളുകൾ പരിശോധിക്കുന്നതിൽ മാലിദ്വീപിനും കോവിഡ് -19 കൈകാര്യം ചെയ്യുന്നതിൽ ഭൂട്ടാനും ഇന്ത്യ പിന്തുണ നൽകിയിട്ടുണ്ടെന്നും ഡോ. ഹർഷ് വർധൻ പറഞ്ഞു. രോഗത്തെ നേരിടാൻ കിറ്റുകൾ ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾ ചൈനയിലേക്ക് അയക്കുകയാണെന്നും മന്ത്രി അറിയിച്ചു.