ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി ഏഴിന് അസം, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങള്‍ സന്ദർശിക്കും. ഞായറാഴ്‌ച രാവിലെ 11.45 ഓടെ അസമിലെത്തുന്ന മോദി സോണിത്പൂരിൽ 'അസോം മാള പദ്ധതി' ഉദ്ഘാടനം ചെയ്യും. അസമിലെ സംസ്ഥാനപാതകളും പ്രധാന ജില്ലാ റോഡ് ശൃംഖലയും മെച്ചപ്പെടുത്താൻ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ 'അസോം മാള' പരിപാടി ആവിഷ്‌കരിച്ചത്. ഇത് ദേശീയപാതകളും ഗ്രാമീണ റോഡുകളുടെ ശൃംഖലയും തമ്മിലുള്ള ഗുണനിലവാരമുള്ള കണക്ഷൻ റോഡുകൾ പ്രദാനം ചെയ്യുന്നതിനൊപ്പം തടസമില്ലാത്ത ഗതാഗതത്തിനും സഹായിക്കും.
ശേഷം ബിശ്വനാഥിലും ചരൈദിയോയിലും സ്ഥാപിക്കുന്ന രണ്ട് മെഡിക്കൽ കോളജുകളുടെയും ആശുപത്രികളുടെയും ശിലാസ്ഥാപനം നടത്തുമെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. 1100 കോടി രൂപ ചിലവിലാണ് ബിശ്വനാഥിലും ചരൈഡിയോയിലും പുതിയ മെഡിക്കല്‍ കോളജുകളും ആശുപത്രികളും ആരംഭിക്കുന്നത്. ഓരോ ആശുപത്രികളിലും 500 കിടക്കളും, മെഡിക്കല്‍ കോളേജുകളില്‍ 100 എംബിബിഎസ് സീറ്റുകളുമുണ്ടായിരിക്കും. വൈകുന്നേരം 4: 50 ന് ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് നിർമ്മിച്ച എൽപിജി ഇറക്കുമതി ടെർമിനൽ പ്രധാനമന്ത്രി മോദി രാജ്യത്തിന് സമർപ്പിക്കും. പശ്ചിമ ബംഗാളിലെ ഹാൽദിയയിലെ പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികൾക്കും മോദി തറക്കല്ലിടും.
പ്രധാനമന്ത്രി ഉർജ ഗംഗ പദ്ധതിയുടെ ഭാഗമായ നിര്‍മിച്ച 348 കിലോമീറ്റർ ദോബി - ദുർഗാപൂർ പ്രകൃതി വാതക പൈപ്പ് ലൈൻ പ്രധാനമന്ത്രി രാജ്യത്തിനായി സമർപ്പിക്കും. 'ഒരു രാഷ്ട്രം, ഒരു ഗ്യാസ് ഗ്രിഡ്' എന്ന പദ്ധതിയിലെ സുപ്രധാന പദ്ധതിയാണിത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്‍റെ ഹാൽഡിയ റിഫൈനറിയുടെ രണ്ടാമത്തെ കാറ്റലിറ്റിക്- ഐസോഡെവാക്‌സിങ് യൂണിറ്റിന്‍റെ ശിലാസ്ഥാപനവും അദ്ദേഹം നടത്തും. പ്രതിവർഷം 270 ആയിരം മെട്രിക് ടൺ ശേഷിയുള്ള യൂണിറ്റാണിത്. ഏകദേശം 185 മില്യൺ യുഎസ് ഡോളർ വിദേശനാണ്യത്തിന്‍റെ ലാഭമാണ് ഇതുവഴി പ്രതീക്ഷിക്കുന്നത്. 190 കോടി രൂപ ചിലവിൽ നിർമ്മിച്ച ഹാൽദിയയിലെ റാണിചാക്കിലുള്ള നാല് ലൈൻ റോഡ്-കം-ഫ്ലൈ ഓവർ മോദി രാജ്യത്തിനായി സമർപ്പിക്കും.