ന്യൂഡൽഹി: പ്രാദേശിക സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്ന 'ആത്മ നിർഭർ ഉത്തർപ്രദേശ് റോസ്‌ഗാർ അഭിയാൻ' പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്‌ച ഉദ്ഘാടനം ചെയ്യും. തൊഴിലവസരങ്ങൾ നൽകുന്നതിന് വ്യവസായ കൂട്ടായ്‌മകളുമായി പങ്കാളിത്തം സൃഷ്ടിക്കാനും പ്രാദേശിക സംരംഭകത്വം പ്രോത്സാഹിപ്പിക്കാനും ശ്രമിക്കുന്ന പദ്ധതിയാണിത്. തൊഴിലവസരങ്ങൾ വര്‍ധിപ്പിക്കുന്നതിലാണ് പദ്ധതി മുഖ്യമായി കേന്ദ്രീകരിക്കുക.
വെള്ളിയാഴ്‌ച രാവിലെ നടക്കുന്ന വെർച്വൽ ഉദ്‌ഘാടന ചടങ്ങില്‍ ഉത്തർപ്രദേശിലെ ആറ് ജില്ലകളിൽ നിന്നുള്ള ഗ്രാമീണരുമായി പ്രധാനമന്ത്രി സംവദിക്കും. കോമൺ സർവീസ് സെന്‍ററുകൾ, കൃഷി വിജ്ഞാന കേന്ദ്രങ്ങൾ എന്നിവ വഴി സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നുള്ള ഗ്രാമീണരും പരിപാടിയുടെ ഭാഗമാകും.
കൊവിഡ് 19 വ്യാപനം എല്ലാ മേഖലയിലുമുള്ള തൊഴിലാളികളെ പ്രതികൂലമായി ബാധിച്ചു. അതിനാല്‍ തന്നെ അതിഥി തൊഴിലാളികൾക്കും ഗ്രാമീണ തൊഴിലാളികൾക്കും അടിസ്ഥാന സൗകര്യങ്ങളും ഉപജീവന മാർഗങ്ങളും നൽകേണ്ടതിന്‍റെ ആവശ്യകത വളരെ വലുതാണ്. 30 ലക്ഷത്തോളം അതിഥി തൊഴിലാളികൾ ഉത്തർപ്രദേശിലേക്ക് തിരികെയെത്തി. സംസ്ഥാനത്തെ 31 ജില്ലകളിൽ 25,000ത്തിലധികം പേർ തിരിച്ചെത്തിയിരുന്നു.