ന്യൂഡൽഹി: ഇന്ത്യ-ചൈന സംഘർഷത്തെ കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശം പ്രായോഗികമായി എല്ലാവരെയും അമ്പരപ്പിച്ചിരിക്കുന്നതാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി.ചിദംബരം. 'ഇന്ത്യയുടെ അതിർത്തിയിൽ ആരും നുഴഞ്ഞുകയറിയിട്ടില്ലെന്നാണ് മോദി പറയുന്നത്. സൈനിക പോസ്റ്റുകൾ പിടിച്ചെടുത്തിട്ടില്ലെന്നും പറയുന്നു. ഈ പരാമർശങ്ങൾ അംഗീകരിക്കാൻ സാധിക്കുന്നതല്ല. മറിച്ച് അമ്പരപ്പിക്കുകയാണ് ചെയ്യുന്നത്', ചിദംബരം പറഞ്ഞു. കരസേനാ മേധാവി, പ്രതിരോധമന്ത്രി, വിദേശകാര്യമന്ത്രി എന്നിവരുടെ പ്രസ്താവനകൾക്ക് വിരുദ്ധമാണ് മോദിയുടെ പ്രസ്താവനയെന്നും അദ്ദേഹം പറഞ്ഞു.
'പ്രധാനമന്ത്രിയുടെ പ്രസ്താവന ശരിയാണെങ്കിൽ, അദ്ദേഹത്തോട് കുറച്ച് ചോദ്യങ്ങൾ ചോദിക്കാൻ താൻ ആഗ്രഹിക്കുന്നു. ഇന്ത്യന്‍ അതിര്‍ത്തിയില്‍ ആരും തന്നെ നുഴഞ്ഞു കയറയിട്ടില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നത്. അത് സത്യമാണെങ്കില്‍ മെയ് അഞ്ചിനും ആറിനും എന്താണ് സംഭവിച്ചത്? ജൂണ്‍ 16നും 17നും സൈന്യങ്ങള്‍ തമ്മിലുള്ള യുദ്ധമെന്തിനായിരുന്നു? എങ്ങനെയാണ് ഇന്ത്യക്ക് 20 സൈനികരെ നഷ്ടപ്പെട്ടത്? 85 പേർക്ക് പരിക്കേറ്റത് എങ്ങനെ? ' ചിദംബരം ചോദിച്ചു.